യുഎസ് പ്രസിഡന്റ് ജോ ബൈഡന് മാര്‍ച്ച് മാസത്തില്‍ കാനഡയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. 2021 ല്‍ ജോ ബൈഡന് പ്രസിഡന്റായതിനു ശേഷമുള്ള ആദ്യ കാനഡ സന്ദര്‍ശനമാണിത്. മെക്സിക്കോ സിറ്റിയില്‍ നടന്ന നോര്‍ത്ത് അമേരിക്കന്‍ നേതാക്കളുടെ ഉച്ചകോടിയ്ക്കിടെ, പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയും ബൈഡനുമായി നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനമുണ്ടായിരിക്കുന്നത്. ഉക്രെയ്നിനായി കാനഡ ഒരു യുഎസ് മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുമെന്ന പ്രഖ്യാനത്തിനു പിന്നാലെയാണ് ബൈഡന്റെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. സന്ദര്‍ശനത്തിന്റെ തിയതികള്‍, സ്ഥലങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചും മറ്റ് കാര്യങ്ങള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
അതിര്‍ത്തി കടന്നുള്ള വ്യാപാരം, മത്സര ക്ഷമത, വിതരണ ശൃംഖല,സുരക്ഷാ സാഹചര്യം ഹരിത ഊര്‍ജം തുടങ്ങി നിരവധി വിഷയങ്ങളില്‍ ബൈഡനുമായി ചര്‍ച്ചകള്‍ നടത്തിയതായി ജസ്റ്റിന് ട്രൂഡോ പറഞ്ഞു.