കാർഷിക മേഖലയെ തകർത്ത പ്രളയം,വിദേശകടബാധ്യത, അവശ്യസാധനങ്ങളുടെ വിലവർദ്ധനവ്, ഊർജമേഖലയിലെ പ്രതിസന്ധി,പാചകവാതക ക്ഷാമം തുടങ്ങിയ പ്രതിസന്ധികളിൽ വലഞ്ഞു പാകിസ്ഥാൻ. രണ്ടരലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടാക്കിയ പ്രളയം പാകിസ്ഥാൻ്റെ ഭക്ഷ്യോൽപാദനത്തെയും സാമ്പത്തിക രംഗത്തെയും സാരമായി ബാധിച്ചു. വിലക്കയറ്റം തടയുന്നതിന് സര്‍ക്കാര്‍ കുറഞ്ഞ വിലക്ക് അവശ്യസാധനങ്ങൾ നൽകുന്നുണ്ടെങ്കിലും അത് മതിയാകാത്ത അവസ്ഥയിലാണ്. ഇന്ധനവില കുതിച്ചുയർന്നത് ഊർജമേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചു. ഷോപ്പിങ് മാളുകൾ മാര്‍ക്കറ്റുകൾ ഓഡിറ്റോറിയങ്ങൾ തുടങ്ങിയവയുടെ പ്രവർത്തന സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. വൈദ്യുതി ഉപഭോഗം കുറയ്ക്കാനുള്ള മാർഗങ്ങളും സ്വീകരിച്ചതിലൂടെ ഏകദേശം 62 ബില്യണ്‍ രൂപ ലാഭിക്കാനാവുമെന്നാണ് സര്‍ക്കാറിൻ്റെ കണക്കുകൂട്ടൽ. സാമ്പത്തിക സഹായത്തിനായി സൗഹൃദ രാജ്യങ്ങളായ ചൈനയെയും സൗദിയെയും സമീപിച്ചിരിക്കുകയാണ് പാകിസ്ഥാൻ ഇപ്പോൾ. ഐഎംഎഫിൽ നിന്ന് ലഭിക്കാനുള്ള പണത്തിനായി സമ്മർദ നീക്കവും ശക്തമാക്കി.