ആല്‍ബെര്‍ട്ടയില്‍ അഫോര്‍ഡബിളിറ്റി പേയ്‌മെന്റിനായി ജനുവരി 18 മുതല്‍ അപേക്ഷിക്കാം 

By: 600002 On: Jan 10, 2023, 12:01 PM

ആല്‍ബെര്‍ട്ടയിലെ 65 വയസ്സും അതിന് മുകളില്‍ പ്രായവുമുള്ള വയോജനങ്ങള്‍ക്കും 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കും പ്രതിമാസ അഫോര്‍ഡബിളിറ്റി പേയ്‌മെന്റിനായി ജനുവരി 18 മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് പ്രവിശ്യ സര്‍ക്കാര്‍ അറിയിച്ചു. ആല്‍ബെര്‍ട്ട സീനിയേഴ്‌സ് ബെനിഫിറ്റ് ലഭിക്കാത്ത മുതിര്‍ന്നവര്‍ക്കും സര്‍ക്കാരില്‍ നിന്നും 600 ഡോളറാണ് അഫോര്‍ഡബിളിറ്റി പേയ്‌മെന്റായി ലഭിക്കുക. ഇതിനായി സര്‍ക്കാര്‍ പോര്‍ട്ടല്‍ വഴിയോ നേരിട്ടോ ഓണ്‍ലൈനായി അപേക്ഷിക്കാം. 

180,000 ഡോളറില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് പേയ്‌മെന്റുകള്‍ 100 ഡോളര്‍ വീതം പ്രതിമാസ തവണകളായി ലഭിക്കും. 18 വയസ്സിന് താഴെയുള്ള ഓരോ കുട്ടിക്കും രക്ഷിതാക്കള്‍ക്ക് ആകെ 600 ഡോളര്‍ ലഭിക്കും. പേയ്‌മെന്റുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് Alberta.ca എന്ന വെബ്‌സൈറ്റില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. 

പേയ്‌മെന്റുകള്‍ക്ക് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ജനുവരി 18 മുതല്‍ Alberta.ca  വെബ്‌സൈറ്റില്‍ ലഭ്യമാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വ്യക്തിപരമായി അപേക്ഷകള്‍ ഏതെങ്കിലും ആല്‍ബെര്‍ട്ട രജിസ്ട്രി ഏജന്റിലോ പ്രവിശ്യയിലുടനീളമുള്ള 50 ആല്‍ബെര്‍ട്ട സപ്പോര്‍ട്ട് ഓഫീസുകള്‍ വഴിയോ സമര്‍പ്പിക്കാം.