എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് കോളുകള്‍ വര്‍ധിച്ചു; ലെത്ത്ബ്രിഡ്ജില്‍ കൃത്യസമയത്ത് ആംബുലന്‍സുകള്‍ ലഭിക്കാനില്ല  

By: 600002 On: Jan 10, 2023, 10:03 AM


ലെത്ത്ബ്രിഡ്ജില്‍ രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ മതിയായ ആംബുലസുകളും പാരാമെഡിക്കുകളും ഇല്ലെന്ന് റിപ്പോര്‍ട്ട്. ആംബുലന്‍സുകള്‍ ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ ഫയര്‍ ആന്‍ഡ് ഇഎംഎസ് വാഹനങ്ങളിലാണ് രോഗികളെ ആശുപത്രിയിലെത്തിക്കുന്നത്. കോവിഡുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും കോളുകള്‍ നിലവില്‍ കൂടുതലാണെന്നും ഫയര്‍ ചീഫ് ഗ്രെഗ് അഡെയര്‍ പറയുന്നു. മിക്കതും എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസുമായി ബന്ധപ്പെട്ടുള്ളവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗികളുടെ കോളുകളോട് പ്രതികരിക്കാന്‍ ഫിസിക്കല്‍ ആംബുലന്‍സ് ലഭ്യമല്ലാത്ത സാഹചര്യങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ലെത്ത്ബ്രിഡ്ജിലെ അഗ്നിശമന സേനാംഗങ്ങളെയും പാരാമെഡിക്കുകളെയും പ്രതിനിധീകരിക്കുന്ന ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ഫയര്‍ ഫൈറ്റേഴ്‌സ് ലോക്കല്‍ 237 ട്വിറ്ററില്‍ അറിയിച്ചു. 

ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് പറയുന്നതനുസരിച്ച് ലെത്ത്ബ്രിഡ്ജിലെ ടാര്‍ഗെറ്റ് റെസ്‌പോണ്‍സ് ടൈം എട്ട് മുതല്‍ 12 മിനിറ്റുകള്‍ക്കുള്ളിലാണ്. ഇത് കഴിഞ്ഞ ഒക്ടോബര്‍ വരെ നിറവേറ്റപ്പെട്ടിരുന്നു. എന്നാല്‍ ശൈത്യകാലവും അവധിക്കാലവുമെത്തിയപ്പോള്‍ രോഗികളുടെ എണ്ണവും കൂടി. ഇത് കോളികളോട് പ്രതികരിക്കാനുള്ള ശേഷി കുറച്ചുവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.