നോവ സ്‌കോഷ്യയില്‍ എമര്‍ജന്‍സി റൂമില്‍ ചികിത്സയ്ക്കായി ദീര്‍ഘ നേരം കാത്തിരിക്കേണ്ടി വന്ന യുവതി മരിച്ചു 

By: 600002 On: Jan 10, 2023, 9:34 AM

 
നോവ സ്‌കോഷ്യയിലെ കംബര്‍ലാന്‍ഡ് റീജിയണല്‍ ഹെല്‍ത്ത് കെയര്‍ സെന്ററിലെ(CRHC)  തിരക്കേറിയ എമര്‍ജന്‍സി റൂമില്‍ ചികിത്സയ്ക്കായി ദീര്‍ഘ നേരം കാത്തിരിക്കേണ്ടി വന്ന 37കാരി മരിച്ചു. നോവ സ്‌കോഷ്യ സ്വദേശി ഗുണ്ടര്‍ ഹോള്‍ത്തോഫിന്റെ ഭാര്യ ആലിസണ്‍ ആണ് മതിയായ ചികിത്സ ലഭിക്കാതെ പുതുവര്‍ഷ ദിനത്തില്‍ മരണമടഞ്ഞത്. 

കഠിനമായ വയറുവേദനയെ തുടര്‍ന്നാണ് ആലിസണ്‍ ഭര്‍ത്താവുമൊത്ത് ആശുപത്രിയിലെത്തിയത്. എന്നാല്‍ പരിചരണത്തിനായി എമര്‍ജന്‍സി റൂമില്‍ കാത്തിരിക്കേണ്ടി വന്നു. ആന്തരിക രക്തസ്രാവമാണ് ആലിസന്റെ മരണത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ഹോള്‍ത്തോഫ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കുതിരപ്പുറത്ത് നിന്ന് വീണത് മുതലാണ് ആലിസണിന് വേദന അനുഭവപ്പെട്ട് തുടങ്ങിയതെന്ന് ഹോള്‍ത്തോഫ് പറയുന്നു. 

ശസ്ത്രക്രിയ നടത്തിയിരുന്നെങ്കില്‍ ആലിണിന്റെ ജീവന്‍ നിലനിര്‍ത്താമെന്ന് ഒരു ശതമാനം പ്രതീക്ഷയുണ്ടായിരുന്നുവെന്നും എന്നാല്‍ അപ്പോഴേക്കും വൈകിപ്പോയിരുന്നുവെന്നും ആലിസന്റെ കുടുംബം പറഞ്ഞു. രക്തം കൂടുതലായി നഷ്ടപ്പെട്ടതോടെ അവര്‍ മരണത്തിന് കീഴടങ്ങി. ആലിസന്റെ മരണത്തില്‍ നോവ സ്‌കോഷ്യ ഹെല്‍ത്ത് അന്വേഷണം പ്രഖ്യാപിച്ചു. മരണത്തിന് കാരണമെന്താണെന്നും ഉത്തരവാദികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആരോഗ്യ മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും ആലിസന്റെ കുടുംബവും പ്രവിശ്യയിലെ രാഷ്ട്രീയ നേതാക്കളും ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.