കൂടുതല്‍ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ സാമ്പത്തിക സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് ബീസി 

By: 600002 On: Jan 10, 2023, 8:48 AM

 

ബീസിയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന അന്തര്‍ദേശീയ തലത്തില്‍ വിദ്യാഭ്യാസവും പരിശീലനവും നേടിയ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍. പ്രവിശ്യയിലെ ആരോഗ്യ പരിപാലന സംവിധാനം നേരിടുന്ന നഴ്‌സുമാരുടെ ക്ഷാമവും നിലവില്‍ സേവനം ചെയ്യുന്ന നഴ്‌സുമാരെ നിലനിര്‍ത്തുന്നതിനുമായുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായാണ് ഇത്. കാനഡയ്ക്ക് പുറത്ത് പരിശീലനം നേടുന്നവര്‍ക്ക് അവരുടെ മൂല്യനിര്‍ണയത്തിനും അപേക്ഷാ ഫീസിനും(3,700 കൂടുതല്‍ ചെലവുണ്ടെങ്കില്‍) റീ ഇമ്പേഴ്‌സ് ചെയ്യാന്‍ കാത്തിരിക്കുന്നതിനു പകരം പ്രവിശ്യ മുന്‍കൂറായി പണം അടയ്ക്കും. 

പ്രാക്ടീസിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക് തിരികെ നല്‍കേണ്ടതില്ലാത്ത ബര്‍സറികളില്‍ ആയിരക്കണക്കിന് ഡോളര്‍ സാമ്പത്തിക സഹായമായി ലഭിക്കും. ലംഗാര കോളേജില്‍ നടന്ന പരിപാടിയ്ക്കിടയിലാണ് പ്രീമിയര്‍ ഡേവിഡ് എബി പദ്ധതിയെക്കുറിച്ച് പ്രഖ്യാപിച്ചത്. 

കൂടുതല്‍ നഴ്‌സുമാരെ നിയമിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നത് ആരോഗ്യ പരിപാലന മേഖല നേരിടുന്ന പ്രതിസന്ധി ലഘൂകരിക്കുന്നതിനുള്ള തന്റെ പ്രധാന പദ്ധതിയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രോഗ്രാം എത്ര നഴ്‌സുമാര്‍ പ്രയോജനപ്പെടുത്തുമെന്ന് പ്രീമിയര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ 2,000 പേര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും 5,000 പേര്‍ ബീസിയില്‍ ജോലി ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഡേവിഡ് എബി പറഞ്ഞു.