ഫ്‌ളൈറ്റ് പിഎസ് 752 ആക്രമണം: കൊല്ലപ്പെട്ടവര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച് കാനഡ 

By: 600002 On: Jan 9, 2023, 9:01 AM


മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറാനിയന്‍ സൈന്യം കനേഡിയന്‍ യാത്രക്കാരുള്‍പ്പെടെയുള്ളവര്‍ യാത്ര ചെയ്ത ഉക്രെയ്ന്‍ വിമാനം പിഎസ് 752 വെടിവെച്ചിടുകയും 176 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത ദിനത്തില്‍ രാജ്യത്തിന്റെ ഓര്‍മ്മ പുതുക്കല്‍ വികാര നിര്‍ഭരമായി. സംഭവത്തില്‍ നീതി തേടിയുള്ള പോരാട്ടം കാനഡ തുടര്‍ന്നുകൊണ്ടേയിരിക്കുമെന്ന് കൊല്ലപ്പെട്ടവര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. അതിക്രൂരമായി യാത്രാ വിമാനത്തെ വെടിവെച്ചതിനും നിരപരാധികളായ യാത്രക്കാരുടെ ജീവന്‍ നഷ്ടമായതിനും ഇറാനിയന്‍ ഭരണകൂടത്തെ ഉത്തരവാദിയാക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ടൊറന്റോയില്‍ ഞായറാഴ്ച രാവിലെ 11 മണിക്കാണ് മാര്‍ക്വീ ഇവന്റ് ആരംഭിച്ചത്. തുടര്‍ന്ന് അസോസിയേഷന്‍ ഓഫ് ഫ്‌ളൈറ്റ് പിഎസ് 752 വിക്ടിംസ് അഥിതേയത്വം വഹിച്ച ചടങ്ങും നടന്നു. കുടുംബാംഗങ്ങള്‍ കാനഡയിലുടനീളമുള്ള റാലികളിലും പങ്കെടുത്തു. ഫെഡറല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയറി പൊയിലീവ്രെ, ടൊറന്റോ മേയര്‍ ജോണ്‍ ടോറി, ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് എന്നിവരുള്‍പ്പെടെയുള്ള നേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. 

2020 ജനുവരിയില്‍, ടെഹ്‌റാനില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെയാണ് ഉക്രെയ്ന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ജെറ്റ്‌ലൈനറായ പിഎസ് 752 വിമാനം വെടിവെച്ചു വീഴ്ത്തിയത്. വിമാനത്തില്‍ 55 കനേഡിയന്‍ പൗരന്മാരും 30 പെര്‍മനന്റ് റെസിഡന്റ്‌സും ഉള്‍പ്പെടെയുള്ളവര്‍ ഉക്രെയ്‌നിലെ കീവ് വഴി കാനഡയിലേക്ക് സഞ്ചരിക്കുകയായിരുന്നു.