പക്ഷിപ്പനി; സംസ്ഥാനത്ത്  ജാഗ്രതാ നിര്‍ദേശം

By: 600021 On: Jan 8, 2023, 7:26 PM

പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷണം നടത്തി വരുന്നതായും  മനുഷ്യരെ ബാധിക്കാതിരിക്കാനുള്ള മുൻ കരുതലുകൾക്കായി  ജില്ലകള്‍ക്ക്  ജാഗ്രതാ നിര്‍ദേശം നല്‍കിയതായും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.  മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ആരോഗ്യവകുപ്പും, മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍  എല്ലാവരും പങ്കാളികളാകണമെന്നും പനിയോ  മറ്റ് രോഗലക്ഷണങ്ങളോ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ ഡോക്ടറെ അറിയിക്കണമെന്നും  മന്ത്രി അഭ്യര്‍ത്ഥിച്ചു. സാംക്രമിക രോഗമായ പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ പക്ഷികളില്‍ നിന്നും പക്ഷികളിലേയ്ക്ക്  പകരുന്ന ഒരു വൈറസ് രോഗമാണ്. സാധാരണ ഗതിയില്‍ പക്ഷികളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് പകരാറില്ലെങ്കിലും വൈറസിന് രൂപഭേദം സംഭവിച്ച്  ഗുരുതര രോഗങ്ങൾക്ക് കാരണമായേക്കാം.