കലാമാമാങ്കം കൊടിയിറങ്ങി; കിരീടം ചൂടി കോഴിക്കോട്

By: 600021 On: Jan 7, 2023, 6:48 PM

കോഴിക്കോടിനെ ഉത്സവലഹരിയിലാക്കി അഞ്ചു ദിവസം നീണ്ട കലാമാമാങ്കം സമാപിച്ചു. 945 പോയിന്‍റ് നേടി ആതിഥേയരായ കോഴിക്കോട് കലാകിരീടം ചൂടി. 925 പോയിന്‍റ്  വീതം നേടി കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയിന്‍റോടെ തൃശ്ശൂര്‍ മൂന്നാമതെത്തി. ഹൈസ്കൂള്‍ വിഭാഗത്തില്‍ പാലക്കാട് ബിഎസ്എസ് ഗുരുകുലം സ്കൂള്‍ 90 പോയിന്‍റോടെ ഒന്നാമതെത്തി. 71 പോയിന്‍റ് നേടിയ കാഞ്ഞങ്ങാട് ദുര്‍ഗാ എച്ച് എസ് എസിനാണ് ഹയര്‍ സെക്കന്‍ററിയിലെ ഒന്നാം സ്ഥാനം. ഗായിക കെ എസ് ചിത്ര മുഖ്യാതിഥിയായെത്തിയ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.  

ജനുവരി മൂന്നിന് ആരംഭിച്ച കലോത്സവത്തിൽ   24 വേദികളിലായി  ഇരുന്നൂറിലധികം ഇനങ്ങളിലാണ്  മത്സരാർത്ഥികൾ  പങ്കെടുത്തത്. മലയാളത്തിലെ പ്രശസ്തമായ കൃതികളിൽ നിന്നുമുള്ള ദേശനാമങ്ങളായ  അതിരാണിപ്പാടം, ഭൂമി, കൂടല്ലൂർ, തസ്രാക്ക്, ബേപ്പൂർ, നാരകംപുരം, പാണ്ഡവപുരം എന്നിങ്ങനെ നീളുന്ന പേരുകളാണ് 24 വേദികൾക്കും നൽകിയിരുന്നത്. കോവിഡിന് ശേഷം നടന്ന ആദ്യ കലോത്സവത്തിൽ  ഒന്നാം സ്ഥാനത്തിനും രണ്ടാം സ്ഥാനത്തിനും പകരമായി ​ഗ്രേഡുകൾ വന്നത് ഏറെ ശ്രദ്ധേയമായി.