വിദ്യാഭ്യാസ സമ്പ്രദായത്തിലെ പോരായ്മകളും ജനസംഖ്യാപരമായ മാറ്റങ്ങളും ഉള്‍പ്പെടെ നിരവധി കാരണങ്ങളാല്‍ കാനഡയിലെ പ്രധാന തൊഴില്‍ മേഖലകളിലും തൊഴില്‍ നൈപുണ്യമുള്ളവരുടെ കുറവ് നേരിടുന്നതായി വിദഗ്ധര്‍ പറയുന്നു. ഇതിനെ മറികടക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് നിരവധി സ്കില്‍ ഡെവലപ്മെന്റ് പ്രോഗ്രാമുകളും യുവാക്കള്‍ക്കായി വാദ്ഗാനം ചെയ്യുന്നുണ്ട്. ജോലി അന്വേഷിക്കുന്നവരില്‍ ചില സ്കില്‍സ് രാജ്യത്തിന്റെ തൊഴില്‍ മേഖല ആവശ്യപ്പെടുന്നുണ്ട്. രാജ്യത്ത് 2023 ല്‍ ഏറ്റവും ഡിമാന്‍ഡുണ്ടാകാന്‍ പോകുന്ന സ്കില്‍ഡ് വിഭാഗങ്ങളാണ് ഡിജിറ്റല്‍ ആന്‍ഡ് സ്റ്റെം, സ്കില്‍ഡ് ട്രേഡ്സ്, ഹെല്‍ത്ത് കെയര്‍ എന്നിവയെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഈ മേഖലകളിലേക്ക് തൊഴില്‍ നൈപുണ്യമുള്ളവരെയാണ് കൂടുതലായി ആവശ്യപ്പെടുന്നത്.
കനേഡിയന്‍ വര്‍ക്ക്ഫോഴ്സില്‍ ഏറ്റവും വലിയ വിഭാഗമാണ് ഡിജിറ്റല്‍, സ്റ്റെം സ്കില്‍ എന്ന് സി.ഡി ഹോവ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ പോളിസി അനലിസ്റ്റായ റോസാലി വയോഞ്ച് പറയുന്നു. ടെക് കമ്പനികള്‍ കൂട്ടത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്ന സാഹചര്യത്തില്‍ സര്‍വകലാശാലകളിലും കോളേജുകളിലും മാത്രമല്ല, എലമെന്ററി വിഭാഗത്തില്‍ വരെ സര്‍ക്കാര്‍ ഡിജിറ്റല്‍ സ്റ്റെം എജ്യുക്കേഷന്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്.
സ്കില്‍ഡ് ട്രേഡ്സിന് ഡിമാന്‍ഡ് കൂടി വരുന്നുണ്ട്. ഒന്റാരിയോ ഗവണ്മെന്റിന്റെ അഭിപ്രായത്തില്‍ ഒന്റാരിയോയിലെ ഒരു വിദഗ്ധ വ്യാപാര തൊഴിലാളിയുടെ ശരാശരി പ്രായം 47 ആണ്, എന്നാല്‍ സ്കില്‍സ് ഒന്റാരിയോയുടെ സിഇഒ ഇയാന്‍ ഹൗക്രോഫ്റ്റ് പറയുന്നത് ചില വ്യവസായങ്ങളില്‍ ശരാശരി പ്രായം 50 നു മുകളിലേക്കായിരിക്കുമെന്നാണ്. നിര്‍മാണ മേഖലയുള്‍പ്പെടെ, എല്ലാ വ്യവസായ, വാണിജ്യ മേഖലകളിലും നൈപുണ്യമുള്ള തൊഴിലാളികളെയാണ് ആവശ്യപ്പെടുന്നത്.
രാജ്യത്ത് ഡിമാന്‍ഡ് ഏറെയുള്ള മറ്റൊരു മേഖലയാണ് ആരോഗ്യ മേഖല. വര്‍ഷങ്ങളായി നേരിടുന്ന ജീവനക്കാരുടെ കുറവ് കോവിഡ് വന്നതോടുകൂടി വര്‍ധിച്ചിട്ടുണ്ട്. രോഗികളെ വലയ്ക്കുന്ന ഈ സ്റ്റാഫിംഗ് ക്ഷാമം, കാത്തിരിപ്പ് സമയം ദീര്‍ഘിപ്പിക്കാനും ചില സാഹചര്യങ്ങളില്‍ എമര്‍ജന്‍സി റൂമുകള്‍ അടയ്ക്കുന്നതിനു വരെ കാരണമായി. മറ്റ് രാജ്യങ്ങളില്‍ നിന്ന് ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നതിനായി ആളുകള്‍ വലിയ തോതില്‍ കാനഡയിലെത്തുന്നുണ്ടെങ്കിലും കൂടുതല്‍ ഇമിഗ്രേഷന്‍ കൊണ്ട് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നമാണിതെന്ന് വിദഗ്ധര്‍ പറയുന്നു. കാരണം അന്താരാഷ്ട്ര തലത്തില്‍ പരിശീലനം നേടിയ ജീവനക്കാര്‍ തങ്ങളുടെ മേഖലയില്‍ പ്രാക്ടീസ് ചെയ്യുന്നതിനായി കനേഡിയന്‍ ലൈസന്‍സ് നേടുന്നതിന് നിയമപരമായി നിരവധി തടസ്സങ്ങള്‍ നേരിടുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ പരിശീലനം ലഭിച്ച തൊഴിലാളികള്‍ക്ക് ലോവര്‍ ലെവല്‍ റോളുകളിലോ, അസിസ്റ്റീവ് റോളുകളിലോ ജോലി ചെയ്ത് ആരംഭിക്കാമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.