ബീസിയില്‍ 20 എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ വീണ്ടും പ്രവര്‍ത്തന സജ്ജമാക്കുന്നു 

By: 600002 On: Jan 7, 2023, 9:53 AM

കോവിഡും മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് പ്രതീക്ഷിക്കുകയാണ് ബീസിയിലെ ആരോഗ്യ പരിപാലന സംവിധാനം. ഇതിനുള്ള തയാറെടുപ്പിന്റെ ഭാഗമായി 20 ഓളം എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തന സജ്ജമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. കോവിഡ് തരംഗം ആഞ്ഞടിച്ചപ്പോള്‍ പ്രവിശ്യയില്‍ രോഗത്തിനെതിരെ പോരാടാന്‍ ഏറെ സഹായിച്ചവയാണ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളെന്നും ഇവ കുറഞ്ഞത് ആറാഴ്ചത്തേക്ക് വീണ്ടും തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രി അഡ്രിയാന്‍ ഡിക്‌സ് അറിയിച്ചു. തിങ്കളാഴ്ച തുറന്നു പ്രവര്‍ത്തനമാരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കിടക്ക ലഭ്യത, സര്‍ജറികള്‍ക്കായുള്ള സമയം ഉള്‍പ്പെടെ നിരവധി വിവരങ്ങള്‍ രോഗികള്‍ക്ക് ലഭ്യമാക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് ഓപ്പറേഷന്‍ സെന്ററുകള്‍. 

ജനുവരി സാധാരണയായി ആശുപത്രിയില്‍ രോഗികളുടെ അഭൂതപൂര്‍വമായ തിരക്ക് അനുഭവപ്പെടുമെന്ന സമയമാണ്.കോവിഡും ഇന്‍ഫ്‌ളുവന്‍സയും മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളും മൂലം ആളുകള്‍ക്ക് ആശുപത്രി പരിചരണത്തിനുള്ള ആവശ്യം കൂടുവരികയാണെന്ന് ഡിക്‌സ് ചൂണ്ടിക്കാട്ടി. കൂടാതെ ഒമിക്രോണിന്റെ പുതിയ ഉപവകഭേദം XBB.1.5 കൂടി പ്രവിശ്യയില്‍ സ്ഥിരീകരിച്ചതോടെ ആശുപത്രികള്‍ സമ്മര്‍ദ്ദത്തിലായി തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

വ്യാഴാഴ്ച വരെ പ്രവിശ്യയിലെ അക്യൂട്ട് കെയര്‍ ബെഡുകളില്‍ 10,226 പേര്‍ ഉണ്ടെന്നാണ് കണക്കുകള്‍. ലഭ്യമായ 11,680 കിടക്കകളില്‍ 88 ശതമാനവും നിറഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി.