ഒടിഞ്ഞ കശേരുക്കളും ഒപ്പം കഠിനമായ വേദനയുമായി മോണ്‍ട്രിയല്‍ ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട 92 വയസ്സുള്ള ഏള്‍ എന്ന വയോധികന് മൂന്ന് ദിവസം അനുഭവിക്കേണ്ടി വന്നത് കടുത്ത അവഗണന. കിടക്കാനായി റൂമുകള്‍ ലഭിക്കാത്തതോടെ 72 മണിക്കൂര്‍ ഏള്‍ തള്ളിനീക്കിയത് എമര്‍ജന്‍സി റൂമിന്റെ ഹാള്‍വേയില്‍. ഒരിക്കലും ഇതുപോലൊരു അനുഭവമുണ്ടായിട്ടില്ലെന്ന് ഏളിന്റെ കുടുംബം പറയുന്നു. ക്യുബെക്കിലെ ആരോഗ്യ രംഗം നേരിടുന്ന പ്രതിസന്ധി എത്രത്തോളമാണെന്നും അത് രോഗികളെ സാരമായി ബാധിക്കുന്നതിന്റെയും നേര്‍ക്കാഴ്ചയാണ് ഈ വയോധികന് ആശുപത്രിയിലുണ്ടായ തിക്താനുഭവം.
പരുക്കേറ്റ് കശേരുക്കള്‍ ഒടിഞ്ഞ ഏളിന് കടുത്ത വേദന ആരംഭിച്ചതോടെയാണ് ആംബുലന്‍സില്‍ മോണ്‍ട്രിയല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. ഓസ്റ്റിയോപൊറോസിസ് മൂലം കശേരുക്കള്‍ക്ക് കംപ്രഷന്‍ ഉണ്ടായി ഒടിവുണ്ടായതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തുടര്‍പരിചരണത്തിനായി മുറുകള്‍ ലഭിക്കാത്തതിനാല്‍ അദ്ദേഹത്തെ ഹാള്‍വേയില്‍ സ്റ്റെയര്‍വെല്‍ ഡോറിനടുത്തായി കിടത്തിയതായി ഏളിന്റെ മക്കള്‍ പറയുന്നു.
മൂന്ന് ദിവസം അവിടെ തന്നെ കിടന്നു, ജീവനക്കാര്‍ മുറിയിലേക്ക് മാറ്റാനുള്ള നടപടികളൊന്നും സ്വീകരിച്ചതുമില്ല. സ്വകാര്യത ലഭിക്കാതെ, സൗകര്യമില്ലാതെ ഏള്‍ അസ്വസ്ഥത പ്രകടിപ്പിച്ചു. മൂന്ന് ദിവസം അദ്ദേഹം കൃത്യമായി ഉറങ്ങിയിട്ടില്ലെന്നും കുടുംബം പറഞ്ഞു. വീട്ടിലേക്ക് മടങ്ങാമെന്ന തീരുമാനത്തിലേത്തി. എന്നാല്‍ മൂന്ന് ദിവസത്തിനു ശേഷം ഏളിന് പ്രൈവറ്റ് റൂം ലഭിച്ചു. അദ്ദേഹത്തെ അവിടേക്ക് മാറ്റുകയും മികച്ച പരിചരണം ഉറപ്പാക്കുകയും ചെയ്തു. ഹോസ്പിറ്റല്‍ സ്റ്റാഫിനെ കുറിച്ച് പരാതികളൊന്നുമില്ലെന്ന് അദ്ദേഹത്തിന്റെ മക്കള്‍ പറയുന്നു. ജീവനക്കാര്‍ മാന്യമായി പെരുമാറുകയും പിതാവിന് മികച്ച പരിചരണം ലഭ്യമാക്കുകയും ചെയ്തു. എന്നാല്‍ അനിയന്ത്രിതമായി രോഗികള്‍ ആശുപത്രിയിലത്തെിയതോടെയാണ് തങ്ങളുടെ അച്ഛന് ഇത്തരത്തിലൊരു അനുഭവമുണ്ടായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, മോണ്‍ട്രിയന്‍ ജനറല്‍ ആശുപത്രി നടത്തുന്ന മക്ഗില്‍ യൂണിവേഴ്‌സിറ്റ് ഹെല്‍ത്ത് സെന്റര്‍(MUHC) വയോധികനായ രോഗി നേരിട്ട ദുരനുഭവത്തില്‍ ക്ഷമാപണം നടത്തി. സമീപമാസങ്ങളില്‍ എമര്‍ജന്‍സി റൂമുകളുടെ ശേഷി കവിഞ്ഞതായി അധികൃതര്‍ ചൂണ്ടിക്കാട്ടി.