വെര്‍ജീനിയയില്‍ ക്ലാസ്മുറിയില്‍ ആറ് വയസ്സുകാരന്‍ വെടിയുതിര്‍ത്തു; പരുക്കേറ്റ അധ്യാപികയുടെ നില ഗുരുതരമെന്ന് പോലീസ്

By: 600002 On: Jan 7, 2023, 8:32 AM

വെര്‍ജീനിയയിലെ സ്‌കൂളില്‍ ക്ലാസ് മുറിക്കകത്ത് ആറ് വയസ്സുകാരന്‍ അധ്യാപികയ്ക്ക് നേരെ വെടിയുതിര്‍ത്തു. ഗുരുതരമായി പരുക്കേറ്റ 30കാരിയായ അധ്യാപികയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. അധ്യാപിക അപകടനില തരണം ചെയ്തുവെന്നാണ് പോലീസിന് ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കിഴക്കന്‍ വെര്‍ജീനിയയിലെ റിച്ച്‌നെക്ക് എലിമെന്ററി സ്‌കൂളില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. 

സ്‌കൂളിലെ മറ്റ് കുട്ടികളെല്ലാം സുരക്ഷിതരാണെന്നും വിദ്യാര്‍ത്ഥി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണെന്നും പ്രാദേശിക പോലീസ് മേധാവി സ്റ്റീവ് ഡ്രൂ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇത് ആക്‌സ്മികമായ വെടിവെപ്പല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൈത്തോക്കുപയോഗിച്ചാണ് വിദ്യാര്‍ത്ഥി വെടിയുതിര്‍ത്തത്. ഈ തോക്ക് എവിടെ നിന്നും ലഭിച്ചുവെന്ന് കണ്ടെത്താന്‍ ശ്രമം ആരംഭിച്ചതായും വെടിവെപ്പിനുണ്ടായ കാരണം സംബന്ധിച്ച് അന്വേഷിക്കുന്നതായും ഡ്രൂ പറഞ്ഞു. വെടിവെപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. 

കഴിഞ്ഞ വര്‍ഷം ടെക്‌സാസിലെ ഉവാള്‍ഡയില്‍ 18 വയസ്സുള്ള തോക്കുധാരി കുട്ടികളെയും രണ്ട് അധ്യാപകരെയും വെടിവെച്ചു കൊന്നതുള്‍പ്പെടെ നിരവധി വെടിവെപ്പുകളാണ് യുഎസിലെ സ്‌കൂളുകളില്‍ സമീപകാലത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിനെതിരെ ശക്തമായ നടപടികള്‍ കൊണ്ടുവരണമെന്നാണ് ജനങ്ങളുടെ ആവശ്യം. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും തോക്കുകള്‍ ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കണമെന്നും നിര്‍ദ്ദേശമുയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.