മെക്‌സിക്കോ സംഘര്‍ഷം: കനേഡിയന്‍ പൗരന്മാര്‍ എംബസിയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കണമെന്ന് യുഎസിലെ അംബാസഡര്‍ 

By: 600002 On: Jan 7, 2023, 8:00 AM

മെക്‌സിക്കോയില്‍ അക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഹോട്ടലുകളില്‍ കുടുങ്ങിപ്പോയ കനേഡിയന്‍ പൗരന്മാരോട് എംബസിയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കാന്‍ യുഎസിലെ കനേഡിയന്‍ അംബാസഡര്‍ ക്രിസ്റ്റെന്‍ ഹില്‍മാന്‍ ആവശ്യപ്പെട്ടു. മെക്‌സിക്കോയില്‍ കുടുങ്ങിയ എല്ലാ കനേഡിയന്‍ പൗരന്മാരോടും എംബസിയില്‍ എത്താന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അവര്‍ക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്നും അംബാസഡര്‍ അറിയിച്ചു. 

കാനഡയ്ക്ക് മെക്‌സിക്കോയില്‍ ഒരു എംബസിയും രണ്ട് കോണ്‍സുലേറ്റുകളും ഉണ്ട്. ഇത്തരത്തില്‍ അപകടകരമായ സാഹചര്യമുണ്ടാകുമ്പോള്‍ കനേഡിയന്‍ കോണ്‍സുലേറ്റ് പ്രതിനിധികളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുക. ഉദ്യോഗസ്ഥര്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കി സുരക്ഷ ഉറപ്പാക്കാനും അവിടെ നിന്നും രക്ഷപ്പെടാനുമുള്ള വഴിയൊരുക്കുകയും ചെയ്യുമെന്ന് ഹില്‍മാന്‍ വ്യക്തമാക്കി. മെക്‌സിക്കോയിലെ കനേഡിയന്‍ പൗരന്മാര്‍ സുരക്ഷിതമായ കേന്ദ്രങ്ങളില്‍ അഭയം തേടണമെന്നും അനിവാര്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും കനേഡിയന്‍ ഗവണ്‍മെന്റ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് അംബാസഡറുടെ നിര്‍ദ്ദേശം വന്നിരിക്കുന്നത്. 

ജയിലില്‍ കഴിയുന്ന സിനലോവ കാര്‍ട്ടല്‍ മേധാവി ജോക്വിന്‍ എല്‍ ചാപ്പോ ഗുസ്മാന്റെ മകന്‍ ഒവിഡിയോ ഗുസ്മാനെ മെക്‌സിക്കന്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്തതോടെയാണ് രാജ്യത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ആക്രമണങ്ങളെ തുടര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടെ നിരവധി കനേഡിയന്‍ പൗരന്മാരാണ് മെക്‌സിക്കോയിലെ ഹോട്ടലുകളില്‍ കുടുങ്ങിക്കിടക്കുന്നത്.