കാനഡയില്‍ മുതിര്‍ന്നവരുടെ പനിക്കും ജലദോഷത്തിനുമുള്ള മരുന്നുകള്‍ക്കും ക്ഷാമം നേരിടുന്നു: ഹെല്‍ത്ത് കാനഡ

By: 600002 On: Jan 7, 2023, 7:21 AM

കാനഡയില്‍ കുട്ടികളുടെ മെഡിസിന്‍ ക്ഷാമത്തിന് പിന്നാലെ മുതിര്‍ന്നവര്‍ക്കുള്ള ജലദോഷത്തിനും പനിക്കുമുള്ള മരുന്നുകള്‍ക്കും ക്ഷാമം നേരിടുന്നതായി ഹെല്‍ത്ത് കാനഡ. മരുന്ന് കമ്പനികള്‍ മരുന്നുകളുടെ ക്ഷാമം, വിതരണം എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് ഹെല്‍ത്ത് കാനഡ വക്താവ് നതാലി മുഹമ്മദ് സ്ഥിരീകരിച്ചു. ഐബുപ്രോഫെന്‍, അസറ്റാമിനോഫെന്‍, കോമ്പനിനേഷന്‍ പ്രൊഡക്ടുകള്‍ എന്നിവയ്ക്കാണ് വലിയ തോതില്‍ ക്ഷാമം അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. മുതിര്‍ന്നവര്‍ക്കുള്ള വേദനസംഹാരികളുടെ ഉയര്‍ന്ന ഡിമാന്‍ഡും വിതരണ പരിമിതികളും മരുന്ന് ക്ഷാമം രൂക്ഷമാക്കുന്നതായി നതാലി മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. 

ഇന്‍ഫ്‌ളുവന്‍സ, കോവിഡ്-19, ആര്‍എസ്‌വി എന്നീ ട്രിപ്പിള്‍ വൈറസ് സീസണ്‍ പടര്‍ന്നു പിടിച്ചതോടെയാണ് മെഡിസിന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഉയര്‍ന്ന ഡിമാന്‍ഡ് നിലനില്‍ക്കുന്നതിനാല്‍ വേണ്ടത്ര മെഡിസിന്‍ വിതരണം ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് ഫാര്‍മസിസ്റ്റുകളും പറയുന്നു.