ഭാര്യയുടെ വിവാഹമോചനാവശ്യം- എട്ടുകുടുംബാംഗങ്ങളുടെ ജീവന്‍ അപഹരിച്ചു

By: 600084 On: Jan 6, 2023, 4:55 PM

പി പി ചെറിയാൻ, ഡാളസ്.

യുട്ടാ: ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയില്‍ കേസ് നല്‍കിയതില്‍ പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയേയും അഞ്ചു മക്കളേയും, ഭാര്യ മാതാവിനേയും വെടിവെച്ചു കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ചു ആത്മഹത്യ ചെയ്ത സംഭവം യുട്ടായില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ജനുവരി 5 വ്യാഴാഴ്ച ഇനോക്ക് പോലീസ് ചീഫ് ജാക്‌സണ്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംഭവം വിശദീകരിച്ചു. മാതാപിതാക്കളുടെ വിവാഹമോചനത്തിന് ഇരകളാകുകയായിരുന്നു നിരപരാധികളായ കുട്ടികള്‍.

മൈക്കിള്‍ ഹെയ്റ്റ് എന്ന 42 കാരനാണ് ബുധനാഴ്ച ഭാര്യയുള്‍പ്പെടെ ഏഴുപേരെ വെടിവെച്ചു കൊന്നത്. സൗത്ത് വെസ്റ്റേണ്‍ യൂട്ടയിലുള്ള വീട്ടില്‍ വെച്ചു പതിനേഴു വയസ്സും, 12 ഉം, 7 ഉം വയസ്സുള്ള മൂന്നു പെണ്‍ മക്കളേയും 7 ഉം, 4 ഉം വയസ്സുള്ള രണ്ടു ആണ്‍കുട്ടികളേയും, 40 വയസ്സുള്ള ഭാര്യ റ്റൗഷ ഹെയ്റ്റിനേയും, ഭാര്യ മാതാവ് 78  വയസ്സുള്ള  ഗെയ്ല്‍ എളിനേയും വെടിവെച്ച് മരണം ഉറപ്പാക്കിയശേഷം സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു.

ഡിസംബര്‍ 21ന് ഭാര്യ വിവാഹമോചന കേസ്സ് ഫയല്‍ ചെയ്തതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നതായും പോലീസ് ചീഫ് പറഞ്ഞു. ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും വിവരങ്ങള്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വെല്‍ഫെയര്‍ ചെക്കിന് എത്തിയ പോലീസാണ് എട്ടു പേരുടേയും മൃതദ്ദേഹങ്ങള്‍ കണ്ടെത്തിയത്. ആള്‍സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് ഏജന്റായിരുന്ന മൈക്കിള്‍ ഹെയ്റ്റ്. കൊലപാതകം നടത്തുന്നതിന് മുമ്പ് ഇയാള്‍ ജോലി രാജി വെച്ചിരുന്നു.

അയേണ്‍ കൗണ്ടി സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റിലെ വിദ്യാര്‍ത്ഥികളായിരുന്നു കൊല്ലപ്പെട്ട അഞ്ചു കുട്ടികളുമെന്ന് സ്‌ക്കൂള്‍ അധികൃതര്‍ വെളിപ്പെടുത്തി. ബൈഡനും, പ്രഥമവനിതയും ഇനോക്ക് സിറ്റി കമ്മ്യൂണിറ്റിയുടെ ദുഃഖത്തില്‍പ ങ്കുചേരുന്നതായി പ്രസ്താവനയില്‍ അറിയിച്ചു.