സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം മടങ്ങിയ ജനപ്രതിനിധിക്ക് ദാരുണാന്ത്യം

By: 600084 On: Jan 6, 2023, 4:51 PM

പി പി ചെറിയാൻ, ഡാളസ്.

ക്രോംവെല്‍(കണക്റ്റിക്കട്ട്): കണക്റ്റിക്കട്ട് ജനപ്രതിനിധി സഭയിലേക്ക് ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മൂന്നാം വട്ടവും ജയിച്ചു. ഗവര്‍ണ്ണറുടെ സത്യപ്രതിജ്ഞാ ചടങ്ങിലും, സ്വന്തം  സത്യപ്രതിജ്ഞാ ചടങ്ങിലും പങ്കെടുത്തു മടങ്ങവെ ഉണ്ടായ റോഡപകടത്തില്‍ ക്വന്റില്‍ വില്യംസിന്(39) ദാരുണാന്ത്യം. കണക്റ്റികട്ട് മിഡില്‍ ടൗണില്‍ നിന്നാണ് ക്വന്റില്‍ വില്യം ജനപ്രതിനിധി സഭയില്‍ എത്തിയത്.

ഡമോക്രാറ്റിക് നേതാക്കളാണ് ക്വന്റിന്റെ മരണവിവരം ഡിസംബര്‍ 5ന് ഔദ്യോഗീകമായി അറിയിച്ചത്. ജനറല്‍ അസംബ്ലി ലേബര്‍ ആന്റ് പബ്ലിക് എംപ്ലോയ്‌സ് കമ്മറ്റിയുടെ പുതിയ കൊ ചെയറായി ഇദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു.

തെറ്റായ ദിശയില്‍ വാഹനം ഓടിച്ചുണ്ടായ അപകടത്തില്‍ ഇരുവാഹനങ്ങളുടേയും ഡ്രൈവര്‍മാര്‍ കൊല്ലപ്പെടുകയായിരുന്നുവെന്നും, ഒരു വാഹനം ഇടിയുടെ ആഘാതത്തില്‍ തീപിടിക്കുകയും ചെയ്തതായി ഹൈവേ പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട മറ്റേ ഡ്രൈവറുടെ പേര്‍ വിവരം പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

ക്വിന്റന്റെ മരണത്തെ തുടര്‍ന്ന് വ്യാഴാഴ്ച നടക്കേണ്ട സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. സംസ്ഥാനത്തെ പതാകകള്‍ പകുതി താഴ്ത്തി കെട്ടുന്നതിന് ഗവര്‍ണ്ണര്‍ നെഡ് ലമോണ്ട് ഉ്ത്തരവിട്ടു. വൈകി ലഭിച്ച റിപ്പോര്‍ട്ടില്‍ കൊല്ലപ്പെട്ട  ഡ്രൈവര്‍ കണക്റ്റിക്കട്ട് മാഞ്ചസ്റ്ററില്‍ നിന്നുള്ള കിംഡെ മുസ്തഫ ജിയാണെന്ന്  പോലീസ് വെളിപ്പെടുത്തി. അപകടത്തിനു കാരണം മദ്യമാണോ എന്ന് അന്വേഷിച്ചു വരുന്നതായും പോലീസ് അറിയിച്ചു.