‘വാർത്താദൂരം അമേരിക്ക മുതൽ കേരളം വരെ’ ഇൻഡ്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസ് മാധ്യമ സെമിനാർ ജനുവരി 14-ന്

By: 600084 On: Jan 6, 2023, 4:41 PM

പി പി ചെറിയാൻ, ഡാളസ്.

ഡാളസ്: ഇൻഡ്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസിന്റെ നേതൃത്വത്തിൽ ഓൺലൈൻ മാധ്യമ സെമിനാർ ജനുവരി 14 ശനിയാഴ്ച രാവിലെ 9 മണിക്ക് (ടെക്സാസ് സമയം) സൂം പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്നു. പ്രശസ്ത പത്ര പ്രവർത്തകനും, മലയാള മനോരമ സീനിയർ എഡിറ്ററുമായ ശ്രീ മുഹമ്മദ് അനീസ് മുഖ്യ പ്രഭാഷണം നടത്തും. ‘വാർത്താദൂരം അമേരിക്ക മുതൽ കേരളം വരെ’ എന്നതാണു വിഷയം.

1998ൽ മലയാള മനോരമയിൽ മാധ്യമ പ്രവർത്തനം ആരംഭിച്ച മുഹമ്മദ് അനീസ് കോട്ടയം, കണ്ണൂർ, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് എഡിഷനുകളിലും ഇപ്പോൾ കോട്ടയത്ത് ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായും പ്രവർത്തിക്കുന്നു. 2009ൽ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ഒമാൻ സന്ദർശനത്തിന് അനുബന്ധമായി ഒമാനിലെത്തിയ ഇന്ത്യൻ മാധ്യമസംഘം, 2010ൽ വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണയുടെ പാക്കിസ്ഥാൻ സന്ദർശനവേളയിൽ അനുഗമിച്ച ഇന്ത്യൻ മാധ്യമസംഘം, 2012ൽ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി യുഎസ് സന്ദർശിച്ച ഇന്ത്യൻ മാധ്യമസംഘം, 2013ൽ മലേഷ്യയിൽ നടന്ന ജി20 ഇന്റർഫെയ്ത്ത് സമ്മിറ്റിൽ പങ്കെടുത്ത ഇന്ത്യൻ മാധ്യമസംഘം എന്നിവയിൽ അംഗമായിരുന്നു.

മലയാള മനോരമയിലെ പത്രപ്രവർത്തന മികവിന് 2018ലെ ചീഫ് എഡിറ്റേഴ്സ് ഗോൾഡ് മെഡൽ ലഭിച്ചു. മികച്ച ആരോഗ്യ ലേഖനത്തിന് 2000ൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ‘നമ്മുടെ ആരോഗ്യം’ അവാർഡ് ലഭിച്ചു. കോഴിക്കോട് സ്വദേശിയാണ്.

ജനയുഗം പത്രാധിപരും, മുൻ നിയമസഭാസാമാജികനുമായ ശ്രീ രാജാജി മാത്യു തോമസ് ചർച്ചയിൽ പങ്കെടുക്കും. 2006-ൽ ഇദ്ദേഹം ഒല്ലൂർ നിയോജകമണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സി.പി.ഐ.യുടെ സംസ്ഥാന കൗൺസിൽ അംഗമാണ്. അന്താരാഷ്ട്രതലത്തിലുള്ള ആനുകാലിക വിഷയങ്ങളെ വസ്തുനിഷ്ടമായി അപഗ്രഥിച് നിരവധി ലേഖനങ്ങളും വാർത്തകളും രാജാജിയുടെ തൂലികയിലൂടെ പുറത്തു വന്നിട്ടുണ്ട്.

മാധ്യമ പ്രവർത്തകയും കേരളാ സംസ്ഥാന ആരോഗ്യവകുപ്പ് ജന പ്രിയ മന്ത്രിയുമായ ശ്രീമതി വീണാ ജോർജ്ജ്, റവന്യൂ വകുപ്പ് മന്ത്രി ശ്രീ. കെ. രാജൻ എന്നിവർ ആശംസാ സന്ദേശങ്ങൾ നൽകും. മാധ്യമ പ്രവർത്തകരുടെ സംഘടനയായ ഇൻഡ്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസ് 2006 -ൽ ആണ് രൂപീകൃതമായത്. സംഘടനയുടെ 2022-23 പ്രവർത്തനവർഷത്തെ ഭാരവാഹികളായ സിജു വി. ജോർജ്ജ് (പ്രസിഡന്റ്), അഞ്ജു ബിജിലി (വൈസ് പ്രസിഡന്റ്), സാം മാത്യു (സെക്രട്ടറി), ബെന്നി ജോൺ (ട്രഷറർ), പ്രസാദ് തീയാടിക്കൽ (ജോയിന്റ് ട്രഷറർ) എന്നിവരാണ് സെമിനാറിന്റെ വിജയത്തിനു വേണ്ടി പ്രവർത്തിക്കുന്നത്..

ബിജിലി ജോർജ്ജ് രക്ഷാധികാരിയായി പ്രവർത്തിക്കുന്ന ഉപദേശക സമിതിയിൽ സണ്ണി മാളിയേക്കൽ, പി. പി. ചെറിയാൻ, ടി. സി. ചാക്കോ എന്നിവർ അംഗങ്ങളാണ്. നോർത്ത് അമേരിക്കയിലും, ഇൻഡ്യയിലും നിന്നുള്ള നിരവധി മാധ്യമ പ്രവർത്തകരും സംഘടനാ നേതാക്കളും  ഓൺലൈൻ സെമിനാറിൽ പങ്കെടുക്കും. സമ്മേളനത്തിലേക്കു ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നതായി ജനറൽ സെക്രട്ടറി സാം മാത്യു അറിയിച്ചു.