എഡ്മന്റണിലെ കര്‍ട്ടിസ് സ്‌റ്റോക്കും കുടുംബം 10 ദിവസത്തെ അവധിക്കാലം ചെലവഴിക്കാനാണ് മെക്‌സിക്കോയിലെ പ്യൂര്‍ട്ടോ വല്ലാര്‍ട്ടയിലെത്തിയത്. ഉല്ലാസകരമായ അവധിക്കാലാഘോഷങ്ങള്‍ക്കിടയിലാണ് സ്‌റ്റോക്കിന്റെ 25 വയസ്സുള്ള മകള്‍ മയയ്ക്ക് പെട്ടെന്ന് അസുഖം ബാധിച്ചത്. കാലില്‍ കഠിനമായ വേദന തോന്നി തുടങ്ങിയതോടെ മയ അവശയായി. ഉടന്‍ അവര്‍ താമസിക്കുന്ന റിസോര്‍ട്ടിലെ ഡോക്ടറെ സമീപിച്ചു. ഡോക്ടര്‍ ഉടന്‍ തന്നെ വല്ലാര്‍ട്ട ഹോസ്പിറ്റലിലെ എമര്‍ജന്‍സി റൂമിലേക്ക് അയച്ചു.
ശരീരത്തില്‍ പ്രവേശിച്ച് മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന നാര്‍ക്കോടൈസിംഗ് ഫാസിയൈറ്റിസ് എന്ന ഫ്‌ളെഷ്-ഈറ്റിംഗ് ഡിസീസ് ആണ് മയയെ ബാധിച്ചതെന്ന് അവിടെ വെച്ച് തിരിച്ചറിഞ്ഞു. ബാക്ടീരിയ ശരീരത്തില്‍ മുഴുവന്‍ വ്യാപിക്കുന്നതിന് മുമ്പ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കണമെന്നും ഇല്ലെങ്കില്‍ മരണം വരെ സംഭവിച്ചേക്കാമെന്നും ഡോക്ടര്‍ അറിയിച്ചതായി സ്‌റ്റോക്ക് പറഞ്ഞു.
ശസ്ത്രക്രിയയ്ക്കായി എഡ്മന്റണിലേക്ക് എയര്‍ ആംബുലന്‍സ് ഏര്‍പ്പാടാക്കി അയക്കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ എഡ്മന്റണിലെ ആരോഗ്യ മേഖലയിലെ പ്രതിസന്ധിയും സൗകര്യക്കുറവും കാരണം അവിടെ ശസ്ത്രക്രിയ ചെയ്യേണ്ടെന്ന് വെക്കുകയായിരുന്നുവെന്ന് സ്റ്റോക്ക് പറഞ്ഞു. പിന്നീട് മെക്‌സിക്കോയില്‍ തന്നെ ശസ്ത്രക്രിയ നടത്തി. മകള്‍ സുഖംപ്രാപിച്ചു വരുന്നതായി സ്റ്റോക്ക് അറിയിച്ചു. ആശുപത്രികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ശേഷിക്കുറവും, സ്റ്റാഫുകളുടെ കുറവും എല്ലാം തന്റെ മകളുടെ ആരോഗ്യത്തെ ബാധിച്ചതായി അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും ഉടന്‍ രോഗം ഭേദമായി നാട്ടലേക്ക് തിരിക്കാനുള്ള തയാറെടുപ്പിലാണ് സ്റ്റോക്കും കുടുംബവും.
അതേസമയം, സംഭവത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് മാധ്യമങ്ങളെ അറിയിച്ചു. വീട്ടില്‍ പരിപാലനത്തിനും ശുശ്രൂഷകള്‍ക്കും സൗകര്യമുള്ളവരെ മാത്രമേ നിലവില്‍ ആശുപത്രിയില്‍ നിന്നും തിരിച്ചയക്കുന്നുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.