ബീസിയില്‍ അവധി ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി അഡ്രിയാന്‍ ഡിക്‌സ്. പാന്‍ഡെമിക് സമയത്ത് അവധി ദിവസങ്ങള്‍ക്ക് ശേഷം രേഖപ്പെടുത്തിയതിനേക്കാള്‍ കുറവാണിതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതില്‍ മാറ്റങ്ങളുണ്ടായേക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശൈത്യകാലം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തുമ്പോള്‍ കോവിഡും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ആരോഗ്യ പരിപാലന സംവിധാനത്തിന് വെല്ലുവിളി സൃഷ്ടിക്കുമെന്നും മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. അവധിക്കാലത്ത് ആളുകള്‍ ഒന്നിച്ചു കൂടുന്നതും സാമൂഹിക അകലം കുറയുന്നതും കോവിഡും മറ്റ് അസുഖങ്ങളും വര്‍ധിക്കാന്‍ കാരണമാകുന്നു. കൂടാതെ ഒമിക്രോണ്‍ ഉപവകഭേദം XBB.1.5 പ്രവിശ്യയില്‍ സ്ഥിരീകരിച്ചതും ആശങ്കയ്ക്കിടയാക്കുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു.
നിലവില്‍ പ്രവിശ്യയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 356 ആണ്. അത്യാഹിത വിഭാഗത്തില്‍ 25 പേരാണ് ചികിത്സയില്‍ കഴിയുന്നത്.