ശൈത്യകാലത്ത് വാഹനത്തിന്റെ ടയര്‍ പ്രഷര്‍ പരിശോധിക്കണമെന്നത് കാനഡയിലെ പകുതിപ്പേര്‍ക്കും അറിയില്ല: കാള്‍ ടയര്‍ സര്‍വേ 

By: 600002 On: Jan 6, 2023, 9:55 AM


വിന്റര്‍ സീസണില്‍ വാഹനങ്ങളുടെ ടയര്‍ പ്രഷര്‍ ക്രമീകരിക്കണമെന്ന കാര്യത്തെക്കുറിച്ച് കാനഡയിലെ ജനങ്ങളില്‍ പകുതിപ്പേര്‍ക്ക് മാത്രമേ അറിവുള്ളൂവെന്ന് സര്‍വേ റിപ്പോര്‍ട്ട്. കനേഡിയന്‍ കമ്പനിയായ കാള്‍ ടയര്‍(Kal Tire) നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം നാലില്‍ ഒന്നില്‍ താഴെ ആളുകള്‍ മാത്രമാണ് ടയര്‍ പ്രഷര്‍ പരിശോധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. പ്രതിമാസം ടയര്‍ പ്രഷര്‍ പരിശോധിച്ചത് അഞ്ച് ശതമാനമാണെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ഒക്ടോബര്‍ 19 നും നവംബര്‍ 2 നും ഇടയില്‍ വാഹനം സര്‍വീസ് ചെയ്ത 3,100 പേരിലാണ് സര്‍വേ നടത്തിയത്. ആല്‍ബെര്‍ട്ട, സസ്‌ക്കാച്ചെവന്‍, മാനിറ്റോബ എന്നിവടങ്ങളിലെ ഡ്രൈവര്‍മാര്‍ ടയര്‍ പ്രഷര്‍ പരിശോധിക്കുന്നതില്‍ മികച്ചവരാണെന്ന് കണ്ടെത്തി. ഈ പ്രവിശ്യകളില്‍ നിന്നും സര്‍വേയില്‍ പങ്കെടുത്തവരില്‍ 49 ശതമാനം പേരും രണ്ട് മാസമായി ടയര്‍ പ്രഷര്‍ പരിശോധിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. 

താപനില കുറയുമ്പോള്‍ വായു തന്മാത്രകള്‍ പരസ്പരം അടുക്കുന്നുവെന്നും ഇത് മര്‍ദ്ദം കുറയുന്നതിന് കാരണമാകുന്നുവെന്നും കാള്‍ ടയര്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ തണുത്ത കാലാവസ്ഥ റബ്ബര്‍ ടയറിനെ കഠിനമാക്കുകയും സീലില്‍ നിന്നും എയര്‍ നഷ്ടമാകാന്‍ കാരണമാവുകയും ചെയ്യുന്നതായി കമ്പനി വ്യക്തമാക്കുന്നു.