ബിസിനസ് സംബന്ധമായ യാത്രയ്ക്കായി കാനഡയില്‍ നിന്നും കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വിദേശത്തേക്ക് പോവുകയും ഈ വര്‍ഷം നാട്ടിലെത്തുകയും ചെയ്തപ്പോള്‍ തങ്ങളുടെ വീട് ആരോ കബളിപ്പിച്ച് വിറ്റിരിക്കുന്നതായി കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ടൊറന്റോ സ്വദേശികളായ ദമ്പതികള്‍. വീടിന്റെ ഉടമസ്ഥരായി ആള്‍മാറാട്ടം നടത്തിയ പ്രതികള്‍ വ്യാജ ലിസ്റ്റിംഗ് ചെയ്ത് ആളുകളെ പറ്റിച്ച് പണം തട്ടി വീട് വില്‍ക്കുകയായിരുന്നു.
ഇത് സംബന്ധിച്ച് പോലീസിന് പരാതി നല്‍കിയിരിക്കുകയാണ് യഥാര്‍ത്ഥ ഉടമസ്ഥര്‍. എറ്റോബിക്കോക്ക് ഏരിയയില്‍ സ്ഥിതി ചെയ്യുന്ന വീടിന്റെ ഉടമകളായി ഒരു സ്ത്രീയും പുരുഷനും ആള്‍മാറാട്ടം നടത്തിയതായി പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു. മറ്റ് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
പ്രതികള്‍ ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്റിനെ വാടകയ്‌ക്കെടുക്കുകയും വസ്തു വില്‍പ്പനയ്ക്കായി ലിസ്റ്റ് ചെയ്യുകയും ചെയ്തതായി പോലീസ് പറഞ്ഞു. പിന്നീട് വീട് ആവശ്യപ്പെട്ടെത്തിയ ഉപഭോക്താക്കള്‍ക്ക് വ്യാജ ഡോക്യുമെന്റുകള്‍ കാണിച്ച് വിശ്വസിപ്പിച്ച് വീട് വില്‍ക്കുകയും ചെയ്തു. വില്‍പ്പന നടന്ന് മാസങ്ങള്‍ക്ക് ശേഷം യഥാര്‍ത്ഥ വീട്ടുടമസ്ഥര്‍ സ്ഥലത്തെത്തിയപ്പോഴാണ് ഇക്കാര്യം അറിയുന്നത്. ഇത്തരത്തില്‍ തട്ടിപ്പുകള്‍ക്ക് ഇരയാകാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. പ്രതികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളറിയുന്നവര്‍ 416-808-7310 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.