പാര്‍ലമെന്റ് ഹില്ലിനും മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കുമെതിരെ സോഷ്യല്‍മീഡിയയിലൂടെ ഭീഷണി മുഴക്കിയ 19കാരനെ അറസ്റ്റ് ചെയ്തതായി ആര്‍സിഎംപി അറിയിച്ചു. ഓട്ടവ സ്വദേശിയായ ഡാനിയേല്‍ ഹൗഡ് എന്ന യുവാവിനെയാണ് ഇന്റഗ്രേറ്റഡ് നാഷണല്‍ സെക്യൂരിറ്റി എന്‍ഫോഴ്‌സ്‌മെന്റ് ടീം(ഇന്‍സെറ്റ്) അറസ്റ്റ് ചെയ്തത്.
പാര്‍ലമെന്റ് ഹില്‍, പ്രതിരോധ വകുപ്പ്, ഓട്ടവയിലെ യുഎസ് എംബസി, ചൈനീസ് എംബസി എന്നിവയ്ക്ക് നേരെയാണ് ട്വിറ്ററിലൂടെ പ്രതി ഭീഷണി മുഴക്കിയതെന്ന് ആര്‍സിഎംപി വ്യക്തമാക്കി. എന്നാല്‍ ഇതിനു പിന്നിലെ കാരണങ്ങളോ മറ്റ് വിവരങ്ങളോ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
ഭീകരവാദം, വധഭീഷണി, ശാരീരികമായി ഉപദ്രവിക്കുമെന്ന ഭീഷണി, പൊതുസ്വത്ത് നശിപ്പിക്കുമെന്ന ഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് ഹൗഡിനെതിരെ ചുമത്തിയിരിക്കുന്നത്. ജനുവരി 18ന് ഇയാളെ ഓട്ടവയിലെ കോടതിയില്‍ ഹാജരാക്കും.