കോവിഡ് ബാധിച്ച് മരിച്ചവരില്‍ തലച്ചോറിലും ഒന്നിലധികം അവയവങ്ങളിലും വൈറസ് പടര്‍ന്നു:പുതിയ പഠനവുമായി ഗവേഷകര്‍ 

By: 600002 On: Jan 5, 2023, 8:46 AM


കോവിഡ് ബാധിച്ച് മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം ഫലങ്ങളില്‍ പുതിയ വെളിപ്പെടുത്തലുകള്‍. മൃതദേഹങ്ങള്‍ ഓട്ടോപ്‌സി ചെയ്തപ്പോള്‍ തലച്ചോറിലും ശരീരത്തിലെ ഒന്നിലധികം അവയവങ്ങളിലും വൈറസ് വ്യാപിച്ചതായി കണ്ടെത്തിയതായി പുതിയ പഠനത്തില്‍ ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് ബാധിച്ച് മരിച്ച 44 പേരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വസനനാളിയിലൂടെ മാത്രമല്ല, തലച്ചോറുള്‍പ്പെടെ ശരീരത്തില്‍ മുഴുവന്‍ വൈറസ് വ്യാപിക്കുന്നതായി കണ്ടെത്തിയെന്ന് പിയര്‍-റിവ്യൂഡ് ജേണല്‍ നേച്ചറില്‍ പ്രസിദ്ധീകരിച്ച പഠനഫലത്തില്‍ ഗവേഷകര്‍ പറയുന്നു. ശരീരത്തിലെ വൈറസ് സാന്നിധ്യം ചിലരില്‍ മാസങ്ങളോളം നീണ്ടുനില്‍ക്കുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. 

44 പേരില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശരീരത്തിലെ 85 സ്ഥലങ്ങളില്‍ 79 എണ്ണത്തിലും വൈറസിന്റെ അംശങ്ങള്‍ കണ്ടെത്തി. രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ അനുഭവപ്പെട്ട് ഒരാഴ്ചയ്ക്കുള്ളില്‍ മരണമടഞ്ഞ രോഗികളില്‍ പോലും വൈറസ് ഒന്നിലധികം അവയവങ്ങളിലേക്ക് പടര്‍ന്നുകഴിഞ്ഞതായി കണ്ടെത്തിയെന്ന് ഗവേഷകര്‍ പറയുന്നു. പഠനത്തിന് വിധേയമാക്കിയവര്‍ വാക്‌സിനേഷന്‍ എടുക്കാത്തവരായിരുന്നു. ഇവരില്‍ 38 പേര്‍ കോവിഡ് ബാധിച്ച് മരിച്ചവരായിരുന്നു. ആറ് പേര്‍ക്ക് മറ്റ് അസുഖങ്ങള്‍ കൂടി ഉണ്ടായിരുന്നു. വൈറസ് ബാധിച്ച മരിച്ചവരില്‍ 35 പേര്‍ക്ക് മരണസമയത്ത് ന്യുമോണിയയോ ഗുരുതര ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു.