രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര് മരിച്ച ഹാമില്ട്ടണ് ടൗണ്‍ഹൗസ് തീപിടുത്തം ഒഴിവാക്കാനാകുമായിരുന്ന അപകടമെന്ന് ഒന്റാരിയോ ഫയര്‍ മാര്‍ഷല്‍. വീട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്മോക്ക് അലാറമുണ്ടായിരുന്നുവെങ്കില് തീപിടുത്തം തടയാനാകുമായിരുന്നുവെന്ന് ഫയര്‍ മാര്‍ഷല്‍ ജോണ്‍ പെഗ് പറഞ്ഞു. രാത്രി 11 മണിയോടെ വീട്ടില്‍ തീപിടുത്തമുണ്ടായപ്പോള്‍ മൂന്ന് അലാറങ്ങളും പ്രവര്‍ത്തിച്ചിരുന്നില്ലെന്നും സ്മോക്ക് ഡിക്ടറ്ററുകള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും ഇതുവരെയുള്ള അന്വേഷണത്തില്‍ സ്ഥിരീകരിച്ചതായി അദ്ദേഹം വ്യക്തമാക്കി.
ഡിസംബര്‍ 29 ന് ഡെര്‍ബി സ്ട്രീറ്റില്‍, റൈമല് ഈസ്റ്റ്, അപ്പര്‍ ഗേജ് അവന്യൂ ഭാഗത്താണ് തീപിടുത്തമുണ്ടായത്. വീടിന്റെ മുന്നിലും പിന്നിലും കനത്ത പുകയും തീയും പടരുകയായിരുന്നു. അഗ്നിശമന സേന സ്ഥലത്തെത്തി വീടിന്റെ രണ്ടാം നിലയില്‍ നിന്നും നാല് പേരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. മറ്റ് രണ്ട് പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.