പ്രധാന ഫുഡ് അലര്‍ജന്‍സിന്റെ പട്ടികയില്‍ സീസെയിമും ഉള്‍പ്പെടുത്തിയതായി എഫ്ഡിഎ

By: 600002 On: Jan 4, 2023, 9:22 AM


നിയമപ്രകാരം നിര്‍വചിക്കപ്പെട്ടിട്ടുള്ള പ്രധാന ഫുഡ് അലര്‍ജന്‍സിന്റെ പട്ടികയില്‍ സീസെയിം സീഡും(എള്ള്) ഉള്‍പ്പെട്ടിരിക്കുന്നതായി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. ജനുവരി 1 മുതല്‍ ഈ മാറ്റം പ്രാബല്യത്തില്‍ വന്നു. 2021 ഏപ്രിലില്‍ ഒപ്പുവെച്ച ഫുഡ് അലര്‍ജി സേഫ്റ്റി, ട്രീറ്റ്‌മെന്റ്, എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ആക്ടിന്റെ(ഫാസ്റ്റര്‍ ആക്ട്) ഫലമായാണ് പുതിയ കൂട്ടിച്ചേര്‍ക്കല്‍ ഉണ്ടായിരിക്കുന്നത്.

പാല്‍, മുട്ട, മത്സ്യം, ക്രസ്റ്റേഷ്യന്‍ ഷെല്‍ഫിഷ്, ട്രീ നട്ട്‌സ്, പീനട്ട്‌സ്, ഗോതമ്പ്, സോയാബീന്‍ എന്നിവ ഉള്‍പ്പെട്ടിരിക്കുന്ന പ്രധാന ഭക്ഷ്യ അലര്‍ജികളുടെ പട്ടികയില്‍ സീസെയിം ഉള്‍പ്പെടുത്തണമോയെന്നത് വര്‍ഷങ്ങളോളം വിദഗ്ധര്‍ അവലോകനം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പട്ടികയില്‍ സീസെയിം ഉള്‍പ്പെടുത്തുന്നതോടെ സീസെയിം അടങ്ങിയ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും ലേബലിംഗും പ്രത്യേക ഭക്ഷ്യ അലര്‍ജി നിയന്ത്രണ ആവശ്യതകള്‍ക്ക് വിധേയമായിരിക്കും. 

യുഎസില്‍ 1.6 മില്യണ്‍ പേര്‍ക്ക് സീസെയിം അലര്‍ജിയുള്ളവരാണെന്നും പുതിയ മാറ്റം ഇവര്‍ക്ക് ആശ്വാസകരമായിരിക്കുമെന്നും ഫുഡ് അലര്‍ജി റിസര്‍ച്ച് ആന്‍ഡ് എജ്യുക്കേഷനിലെ ഗവണ്‍മെന്റ് ആന്‍ഡ് കമ്യൂണിറ്റി അഫയേഴ്‌സ് സീനിയര്‍ വൈസ്  പ്രസിഡന്റ് ജേസണ്‍ ലിന്‍ഡെ പറഞ്ഞു. 

2020 ലെ ശുപാര്‍ശയ്ക്ക് മുമ്പുള്ള ചട്ടങ്ങള്‍ പ്രകാരം മുഴുവന്‍ സീസെയിം ഉപയോഗിച്ച് നിര്‍മിച്ച ഭക്ഷ്യവസ്തുവാണെങ്കില്‍ അത് ലേബലില്‍ മുന്‍കൂട്ടി അറിയിച്ചിരിക്കണമായിരുന്നു. എന്നാല്‍ എള്ള് ഏതെങ്കിലും ഫ്‌ളേവറായോ സുഗന്ധവ്യഞ്ജന മിശ്രിതത്തിലോ ഉപയോഗിക്കുമ്പോള്‍ ലേബലിംഗ് ആവശ്യമായിരുന്നില്ല.