ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കാനഡ 

By: 600002 On: Jan 2, 2023, 8:29 AM

ചൈന, ഹോങ്കോംഗ്, മക്കാവോ എന്നിവടങ്ങളില്‍ നിന്നും കാനഡയില്‍ എത്തുന്ന വിമാനയാത്രികര്‍ക്ക് കോവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് ഫെഡറല്‍ ഗവണ്‍മെന്റ്. ഈ നിബന്ധന ജനുവരി 5 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. രണ്ട് വയസ്സും അതില്‍ കൂടുതലുമുള്ള എല്ലാ വിമാനയാത്രികര്‍ക്കും നിബന്ധന ബാധകമാകുമെന്ന് ശനിയാഴ്ച ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

ചൈനയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കാനഡ കോവിഡ് പരിശോധന താല്‍ക്കാലികമായി നിര്‍ബന്ധമാക്കിയത്. രാജ്യത്തേക്ക് യാത്ര ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് കോവിഡ് നെഗറ്റീവ് ടെസ്റ്റ് ഫലം നല്‍കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 

ഫ്‌ളൈറ്റ് പുറപ്പെടുന്നതിന് 10 ദിവസത്തിലധികം മുമ്പ് പോസിറ്റീവ് ആയ യാത്രക്കാര്‍ക്ക് അവരുടെ പോസിറ്റീവ് പരിശോധനയുടെ തെളിവ് എയര്‍ലൈനിന് നല്‍കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. വാക്‌സിനേഷന്‍ നില പരിഗണിക്കാതെ തന്നെ ബാധകമാകുന്ന നടപടി 30 ദിവസത്തേക്ക് നിലനില്‍ക്കും.