ഒന്റാരിയോയില്‍ 13 ഓളം രോഗങ്ങള്‍ക്ക് ഡോക്ടറെ സമീപിക്കാതെ തന്നെ ഫാര്‍മസിസ്റ്റുകളില്‍ നിന്നും നേരിട്ട് മരുന്നുകള്‍ ലഭ്യമാക്കാം. പിങ്ക് ഐ, ഹെമറോയ്ഡുകള്‍, മൂത്രനാളിയിലെ അണുബാധകള്‍, എന്നിവ ഉള്‍പ്പെടുന്ന മരുന്നുകള്‍ നിര്‍ദ്ദേശിക്കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് ഇപ്പോള്‍ അധികാരമുണ്ടെന്ന് പ്രവിശ്യ സര്‍ക്കാര്‍ ഉത്തരവിട്ടു. മരുന്ന് ആവശ്യമുള്ളവര്‍ ഫാര്‍മസിയില്‍ ഹെല്‍ത്ത് കാര്‍ഡ് കാണിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഷോപ്പേഴ്‌സ് ഡ്രഗ് മാര്‍ട്ട്, റെക്‌സല്‍ എന്നീ ഫാര്‍മസികളിലെ ഫാര്‍മസിസ്റ്റുകള്‍ സേവനം ആരംഭിക്കാന്‍ തയാറെന്ന് പറഞ്ഞു.
കാത്തിരിപ്പ് സമയം കുറയ്ക്കാനും, അധിക ചെലവ് ചുരുക്കാനും, ഗുരുതരമായ അസുഖങ്ങള്‍ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സമയം ലഭിക്കാനും പുതിയ പദ്ധതി വഴി സാധിക്കുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. മരുന്നുകള്‍ ആവശ്യമുള്ളവര്‍ ഫാര്‍മസികളില്‍ നേരത്തെ വിളിച്ച് അറിയിക്കുകയോ അല്ലെങ്കില്‍ അവരുടെ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.