ചരിത്രം സൃഷ്ടിച്ച് നോവ സ്‌കോഷ്യ വികസിപ്പിച്ച ആദ്യ അറ്റ്‌ലാന്റിക് കനേഡിയന്‍ സാറ്റലൈറ്റ്;  വിക്ഷേപണം വിജയകരം 

By: 600002 On: Jan 2, 2023, 6:35 AM


നോവ സ്‌കോഷ്യ വികസിപ്പിച്ച ആദ്യ ഉപഗ്രഹം ലോറിസ്(LORIS)  വിജയകരമായി വിക്ഷേപിച്ചു. ആദ്യ അറ്റ്‌ലാന്റിക് കനേഡിയന്‍ സാറ്റലൈറ്റാണ് ലോറിസ്. വെറും 3.2 കിലോഗ്രാം ഭാരമുള്ള നാനോ ഉപഗ്രഹമാണ് ലോറിസ്. ലോ ഓര്‍ബിറ്റ് റെക്കണൈസന്‍സ്, ഇമേജറി സാറ്റലൈറ്റ് എന്നിവയെ പ്രതിനിധീകരിക്കുന്ന ഉപഗ്രഹം പ്രവിശ്യയില്‍ ആദ്യമായാണ് രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച് ബഹിരാകാശത്തേക്ക് അയക്കുന്നത്. 

കനേഡിയന്‍ ക്യൂബ്‌സാറ്റ് പ്രൊജക്ടിന്റെ ഭാഗമായി ഡസന്‍ കണക്കിന് മറ്റ് ഉപഗ്രഹങ്ങള്‍ക്കൊപ്പം ടെക്‌സസിലെ ഹൂസ്റ്റണില്‍ നാസ വ്യാഴാഴ്ച 9.45 AST  ഓടെ ലോറിസ് വിക്ഷേപിച്ചു. കനേഡിയന്‍ ബഹിരാകാശ ഏജന്‍സി രൂപകല്‍പ്പന ചെയ്ത നാനോ സാറ്റലൈറ്റിന് ധനസഹായവും ലഭിച്ചു. 

ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ ഉയരത്തില്‍ വിന്യസിച്ചിരിക്കുന്ന ഉപഗ്രഹത്തിന് ഏകദേശം ഓരോ 90 മിനിറ്റിലും ഭൂമിയെ ചുറ്റാന്‍ കഴിയും. എല്ലാ ദിവസവും ഏകദേശം 16 തവണ ഭൂമിയെ വലം വയ്ക്കും. ഉപഗ്രഹത്തിന്റെ ഓണ്‍ബോര്‍ഡ് കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ രണ്ട് ക്യാമറകളില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പം ബഹിരാകാസത്ത് നിന്നുള്ള ഡാറ്റയും തിരികെ അയക്കും. 

ഗാലക്‌സിയ മിഷന്‍ സിസ്റ്റംസിന്റെ പ്രസിഡന്റും സിഇഒയുമായ അരാട് ഘരാഗോസ്ലിയും സംഘവും ഉപഗ്രഹം അയക്കുന്ന വിവരങ്ങള്‍ ഹാലിഫാക്‌സില്‍ നിന്നും നിരീക്ഷിക്കും.