ഫ്‌ളെയര്‍ എയര്‍ലൈന്‍ വിമാനത്തില്‍ വ്യാജ ബോംബ് ഭീഷണി; ആര്‍സിഎംപി അന്വേഷണം ആരംഭിച്ചു 

By: 600002 On: Jan 2, 2023, 4:42 AM


ഫ്‌ളെയര്‍ എയര്‍ലൈനിന്റെ വാന്‍കുവര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്ത വിമാനത്തില്‍ വ്യാജ ബോംബ് ഭീഷണി ഉണ്ടായ സംഭവത്തില്‍ ആര്‍സിഎംപി അന്വേഷണം നടത്തുന്നു. വെള്ളിയാഴ്ച രാത്രി  മൊബൈല്‍ഫോണില്‍ നിന്നും ലഭിച്ച ഭീഷണിയെ തുടര്‍ന്ന് യാത്രക്കാരും ജീവനക്കാരും മണിക്കൂറുകളോളമാണ് ഭയവും പിരിമുറുക്കവും അനുഭവിച്ചത്. 

ഫ്‌ളെയര്‍ എയര്‍ലൈനിന്റെ എഡ്മന്റണില്‍ നിന്നും 11.44 ന് എത്തിയ ഫ്‌ളൈറ്റ് 2799 ല്‍ ആണ് ബോംബ് ഭീഷണി ഉണ്ടായത്. സുരക്ഷാ ഭീഷണി സംബന്ധിച്ച വിവരമറിഞ്ഞെത്തിയ മൗണ്ടീസ് ടാക്‌സ് വേയില്‍ തടയുകയും പരിശോധന നടത്തുകയും ചെയ്തു. പുലര്‍ച്ചെ 2.15 ഓടെ വിമാനം ക്ലിയര്‍ ചെയ്യുകയും യാത്രക്കാരെ ഇറങ്ങാന്‍ അനുവദിക്കുകയും ചെയ്തതായി ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ വിമാനത്താവളത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും അന്വേഷണം സജീവമായി തുടരുകയാണെന്നും റിച്ച്മണ്ട് ആര്‍സിഎംപി വ്യക്തമാക്കി. 

യാത്രക്കാരിലാരോ ആണ് സെല്‍ഫോണില്‍ നിന്നും ഭീഷണി സന്ദേശം അയച്ചത്. ഇത് സംബന്ധിച്ച് ഫ്‌ളൈറ്റ് ജീവനക്കാര്‍ പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കൂടുതല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും വ്യാജ ഭീഷണി സന്ദേശം അയച്ചയാളെ കണ്ടെത്തണമെന്നും എയര്‍ലൈന്‍ വക്താവ് ആവശ്യപ്പെട്ടു.  ഐഫോണില്‍ എയര്‍ഡ്രോപ്പില്‍ 'ബോംബ് ഓണ്‍ പ്ലെയ്ന്‍' എന്നാണ് സന്ദേശമെത്തിയത്.