ജി 20 ഉച്ചകോടിയില്‍ സൈബർ ഹാക്കിംഗിന് സാധ്യതയുണ്ടെന്നും സംശയമുളള ഇമെയിലുകള്‍ തുറക്കരുതെന്നും വിവിധ മന്ത്രാലയങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിര്‍ദ്ദേശം. രാജ്യത്തെ പ്രമുഖ സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കംമ്പ്യൂട്ടര്‍ എമർജൻസി റെസ്‌പോൺസ് ടീം നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് വിവിധ മന്ത്രാലയങ്ങൾക്ക് കേന്ദ്രം സർക്കുലർ നൽകിയത്. ബാലിയിൽ നടന്ന കഴിഞ്ഞ ഉച്ചകോടിയിലും വിവരങ്ങൾ ചോർത്താൻ ശ്രമം നടന്നിരുന്നു. രാജ്യത്ത് എയിംസ് ഉൾപ്പടെയുള്ള ആശുപത്രികളിലെ സർവറുകളും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 9,10 തീയതികളിൽ നടക്കുന്ന ഉച്ചകോടിക്ക് ഈ വർഷം ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുക. അർജന്‍റീന, ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമനി, ഇന്ത്യ, ഇൻഡൊനീഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക എന്നിങ്ങനെ 20 രാജ്യങ്ങളാണ് ഉച്ചകോടിയുടെ ഭാഗമാകുക.