'മഴ' അബ്രഹാം ജോർജ് എഴുതിയ, മനോഹരമായൊരു ചെറുകഥ വായിക്കാം..!!

By: 600009 On: Jan 1, 2023, 3:18 PM

Written by, Abraham George, Chicago.

കലി തുള്ളി പെയ്ത മഴയെ പ്രാകിക്കൊണ്ട്, വാതിൽപടിയിൽ നിന്ന് പുറത്തേക്ക് നോക്കി നാരായണൻ നിന്നു. നാശം ഈ തവണത്തെ ഇടവപ്പാതി, പുര തകർക്കുമെന്ന് തോന്നുന്നു. മഴക്കു മുമ്പേ പുരയുടെ മേച്ചിൽപ്പുറത്തെ മിനുക്കുപണികൾ നടത്തിയതാണ്. ഓടിൻ്റെ ഓരം ചേർന്ന് കുമ്മായമിട്ട് മിനുക്കി. എന്നാലും ആകാശം കറുത്തിരുണ്ടു വരുമ്പോൾ, ഒരു ഭയം. ശക്തിയാർജിച്ച മഴ, പാറമേൽ ഊക്കോടെ പെയ്തിറങ്ങി, പുഴ പോലെ താഴെക്ക് ഒഴുകുന്നു. 

മഴ ഒരോർത്തക്കും പല അനുഭൂതിയാണ്. സന്തോഷത്തിൻ്റെ, സഹതാപത്തിൻ്റെ, ദുരിതങ്ങളുടെ, പ്രണയങ്ങളുടെ അനുഭൂതി. എന്നാൽ നാരായണനെന്നും മഴയെ ഭയത്തോടെയാണ് കാണുന്നത്. കഴിഞ്ഞ കർക്കിടപെയ്ത്തിൽ, പുര തന്നെ ഒലിച്ചുപോയി. നാട്ടുകൂട്ടത്തിൻ്റെ സഹായത്തിൽ പിന്നീട് കെട്ടിപ്പൊക്കിയതാണ് ഇപ്പോൾ അപകട ഭീഷിണി നേരിടുന്ന പുര. 

മഴ പെയ്താൽ വെള്ളം കുത്തി ഒഴുകുന്ന തോടിനിപ്പുറത്തു തന്നെയാണ് പുര നിൽക്കുന്നത്, അല്ലാതെ വേറെ നിവർത്തിയില്ലായിരുന്നു. സർക്കാർ പതിച്ച് തന്ന പുറമ്പോക്ക് ഭൂമി. 

നാരായണൻ, എൻ്റെ അച്ഛൻ, ചായക്കടക്കാരൻ നാരായണൻ. ചായക്കടക്കാരൻ്റെ മകൻ, എന്നാണ് എൻ്റെ ചെല്ലപ്പേര്. നാലാം ക്ലാസ്സിൽ പഠിക്കുന്ന എനിക്ക് ഭാരിച്ച ചുമതലയാണ്. സ്ക്കൂളിൽ പോകുമ്പോൾ അടുത്ത വീട്ടിലെ ഒന്നാം ക്ലാസിൽ പഠിക്കുന്ന രാധയെയും കൂട്ടി വേണം പോകാൻ. ഒട്ടും താൽപ്പര്യമുള്ള കാര്യമായിരുന്നില്ല. സ്വാതന്ത്ര്യം തന്നെ നശിക്കുന്ന ഇടപാട്. മഴയത്ത് വെള്ളത്തിലൂടെ ചാടി, തോടുകൾ ചാടിക്കടന്ന് കളിച്ച് തുള്ളിച്ചാടി നടക്കേണ്ട പ്രായത്തിൽ കിട്ടിയ ചങ്ങാത്തം. സഹിക്കുകയല്ലാതെ നിവർത്തിയുണ്ടായിരുന്നില്ല. അമ്മ പറയും, 

"മോനെ അവർക്ക് സ്ക്കൂളിലേക്ക് കൊണ്ടുവിടാൻ ആരുമില്ലാഞ്ഞിട്ടല്ലേ? അങ്ങോട്ട് ഒന്ന് എത്തിച്ചാൽ മതിയല്ലോ, ഇങ്ങോട്ട് അവർ കൊണ്ടുവന്നോളും." 

എന്നാലും മഴ കലശലാകുമ്പോൾ ഇങ്ങോട്ടും കൂട്ടികൊണ്ടു പോരേണ്ട ചുമതല തലയിൽ വരാറുണ്ട്. അച്ഛന്, കവലയിൽ ചായക്കടയാണ്, വെച്ച് കെട്ടിയ ഒരു ഏറുമാടം. സ്ക്കൂളിൽ നിന്ന് മടങ്ങുമ്പോൾ മുഴുത്ത ഉണ്ടമ്പൊരി തിന്നാൻ കിട്ടും. രാധ കൂടെയുള്ളപ്പോൾ അവൾക്കു കൂടി ഒരെണ്ണം കൊടുക്കും. എനിക്കതിനോട് അത്ര താൽപ്പര്യമുണ്ടായിരുന്നില്ല. ഒരെണ്ണം തിന്നാനുള്ള കെൽപ്പ് അതിനുണ്ടായിരുന്നില്ല. എന്നാലും അത് മുഴുവൻ തിന്ന് തീർക്കും. ഇതാണ് നാരായണൻ മകൻ്റെ കുട്ടിക്കാലത്തെ കഥ. 

മഴ ശരിക്കും ആസ്വദിക്കാൻ പറ്റാത്ത കാലം. എപ്പോളും ആ നശൂലം കൂടെയുണ്ടാകും. അതിന് മഴ നനഞ്ഞാൽ പിറ്റേന്ന് പനിയാണ്. അതിനെ കുടയിലും വാഴയിലയിലയും, ചൂടിച്ച് സംരക്ഷിക്കണം. ചിലപ്പോൾ സഹതാപം തോന്നും, ചിലപ്പോൾ ദേഷ്യവും. കുട്ടിക്കാലത്ത് കാത്ത് സൂക്ഷിച്ചതിൻ്റെ പ്രതിഫലമായി അവളെന്നെ അള്ളിപ്പിടിച്ചു. ഞാൻ ഹൈസ്കൂളിലെത്തിയപ്പോളും, അവൾക്കും എൻ്റെ കൂടെ നടക്കാൻ പൂതി. 

ഒരു കർക്കിടത്തിൽ ഞാനവളെയൊന്ന് കെട്ടിപ്പിടിച്ചു. പെണ്ണിൻ്റെ ചൂടറിഞ്ഞ ആദ്യ നിമിഷം. ആ ചൂട് പലപ്പോളായി അറിഞ്ഞു. കാലം കടന്നു പോകുന്തോറും ഞങ്ങളുടെ പ്രണയത്തിന് ആക്കം കൂടി. 

"ഉണ്ണിയേട്ടാ, വെള്ള മാർബിൾ കൊട്ടാരം പണിതത് എന്തിനാണന്ന് അറിയാമോ?" അവൾ ചോദിച്ചു.

 "ഏത് വെള്ളക്കൊട്ടാരം " 

"അതും അറിയില്ലാ! പിന്നെയെന്തിനാണ് ഉണ്ണിയേട്ടൻ കോളേജിൽ പഠിച്ചത്, ഇവിടെ ഒരു വെള്ള മാർബിൾ കൊട്ടാരമേയുള്ളൂ." അവൾ കെറുവിച്ചു. 

"നീ എന്താണന്ന് വെച്ചാൽ തെളിച്ച് പറ" എനിക്ക് ദേഷ്യം വന്നു. 

"ടാജ് മഹൽ, സ്നേഹത്തിൻ്റെ, പ്രണയത്തിൻ്റെ അടയാളമാണ്, ഉണ്ണിയേട്ടനറിയോ?"

" ശവകുടീരം, അത് എത്ര മനുഷ്യ ജീവൻ്റെ വേദന നിറഞ്ഞതാണന്ന് നിനക്കറിയോ?' നിസ്സഹായരായ മനുഷ്യരെ കെട്ടിയിട്ടും ചാട്ടവാറിനടിച്ചും പണികഴിപ്പിച്ചതാണ്." 

മഴ ശക്തിയാർജിച്ചു. കാറ്റിൽ ചെരിഞ്ഞ് പെയ്ത മഴ ഞങ്ങളെ നനച്ചു.

 " ഈ മഴയെന്ത് രസമാണല്ലേ?" അവൾ പറഞ്ഞു.

 " മഴയോടെനിക്ക് പ്രണയമാണ് പെണ്ണേ..." കാട്ടു മുല്ലകൾ പർന്ന് കിടക്കുന്ന ഊടുവഴിയിൽ, അവളെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു. 

ആകാശത്ത് കൊള്ളിയാൻ വെള്ളവരയിട്ടു കൊണ്ടിരുന്നു. ചെറുതും വലുതുമായ കൊള്ളിയാൻ, ഇരുട്ടിനെ അകറ്റി. പെട്ടന്നാണ് ഒരു സ്പോടനം കേട്ടത്. ഒരു തീ കുണ്ഠം. എൻ്റെ വീട് നിന്ന് കത്തുകയാണ്. ജനം ഓടിക്കൂടി. അതിനകത്ത് നാല് ജീവനുകളാണ് കത്തിയെരിഞ്ഞത്. അച്ഛൻ, അമ്മ, അനിയൻ, പെങ്ങൾ. ആർക്കും തീ കെടുത്തേണ്ടി വന്നില്ല. ആർത്തലച്ച് വന്ന മഴ തീ പൊടുന്നനെ കെടുത്തി. തളർന്ന് പോയയെന്നെ ആരോ താങ്ങി. 

കേശവൻ, അയാളുടെ വീട്ടിലെക്കെന്നെ കൊണ്ടുപോയി. ഹൃദയം തകർന്ന് പോയ നിമിഷങ്ങൾ. നാലുപേരും മരിച്ചിരുന്നു. ഒറ്റ രാത്രി,  പ്രകൃതി കാട്ടിക്കൂട്ടിയ നിഷ്ഠൂര പ്രവർത്തി. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ നാട്ടുകാർ നിശ്ബ്ദരായി നിന്നു. 

പിറ്റേന്നും, മാനത്തു നിന്നും ഇറങ്ങി വരുന്ന കൊള്ളിയാൻ, ദൂരെയെവിടെയോ ചെറിയ വെളിച്ചമായും ശബ്ദമായും, അപ്പോളും മുഴങ്ങുന്നുണ്ടായിരുന്നു. മഴവെള്ള പാച്ചിലിൻ്റെ അവശേഷിപ്പുകൾ മുറ്റം നിറയെ കണ്ടു. നാടും നാട്ടുകാരും വിറങ്ങലിച്ചു നിന്നു. എല്ലാവരെയും ഒന്നിച്ച് ചേർത്താണ് അടക്കം ചെയ്തത്. ഓർമ്മകൾക്കായി ഒരു സ്നേഹ കുടീരം. നഷ്ടപ്പെടലിൻ്റെ കൂമ്പാരത്തിനിടയിൽ എല്ലാം മറന്നു ജീവിച്ചു. 

അച്ഛൻ്റെ ചായക്കട ഏറ്റെടുത്ത് കുറച്ചു നാൾ നടത്തി. അത് പച്ച പിടിച്ചില്ല. ചെന്നൈയിലേക്ക് വണ്ടി കയറി. പഴയ പരിചയം വെച്ച് സജീവനെ കണ്ടെത്തി. എന്ത് തൊഴിലും, ചെയ്യാൻ തയ്യാറായിരുന്നു ഞാൻ. അവിടെ പല തൊഴിലും ചെയ്തു ജീവിച്ചു. അവസാനമാണ് കമ്പ്യൂട്ടർ സംബന്ധമായ തൊഴിലിൽ ഏർപ്പെട്ടത്. അതെനിക്ക് ഹരമായിരുന്നു. വരുമാനമുള്ള തൊഴിലായി എനിക്ക് തോന്നി, അതിലേറെ ആവേശവും. 

രണ്ടു വർഷത്തിനു ശേഷമാണ് നാട്ടിൽ തിരിച്ചെത്തിയത്. കേശവനേട്ടനെയല്ലാതെ മറ്റാരെയും പ്രതീക്ഷിച്ചില്ല. ഉള്ള സ്ഥലം ആർക്കെങ്കിലും വിൽക്കണമെന്ന ചിന്തയേ ഉണ്ടായിരുന്നുള്ളൂ. മഴ പെയ്താൽ വെള്ളം കുത്തി ഒഴുകുന്ന, ഈ മണ്ണ് വേണ്ടായെന്ന് തന്നെ തീരുമാനിച്ചു. നാട്ടിലെത്തിയെങ്കിലും പുരയിടകച്ചവടം നടന്നില്ല. മടങ്ങിപോരാൻ നേരത്ത് പിന്നിൽ നിന്നും ഒരു വിളി കേട്ടു.

 " ഉണ്ണിയേട്ടാ! എന്നെ മറന്നോ?" രാധയുടെ സ്വരം കേട്ട് തിരിഞ്ഞു നിന്നു. 

"രാധേ! നീയിപ്പോളും " അത്രയേ ഞാൻ പറഞ്ഞുള്ളൂ. അവൾ അടുത്തേക്ക് വന്നു

 " ഞാൻ കാത്തിരിക്കുകയായിരുന്നു. ഒരു കത്തുപോലും അയക്കാതെ രണ്ടു വർഷം " അവൾ വിങ്ങി.

 "എല്ലാം ഞാൻ ഉപേക്ഷിക്കുകയായിരുന്നു. സകലതും തകർന്ന ഒരു കുടുംബത്തിലേക്ക് നിന്നെ കൈപിടിച്ച്, നിൻ്റെ വീട്ടുകാർ എന്നെയേൽപ്പിക്കില്ലായെന്ന് എനിക്കറിയാം. പിന്നെയെന്തിന് ആവശ്യമില്ലാത്ത ആഗ്രഹം." 

"ഉണ്ണിയേട്ടനെ, സ്നേഹിച്ചത് ഞാനല്ലേ! അല്ലാതെ വീട്ടുകാരല്ലല്ലോ? എനിക്കിപ്പോൾ ഒന്നേയറിയേണ്ടതുള്ളൂ, ഉണ്ണിയേട്ടനിന്നും ഒറ്റക്കു തന്നെയല്ലേ?" 

"അതെ, "ഞാൻ പറഞ്ഞു. 

"ഈ നിമിഷത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ, കൂടെ പോരട്ടെ? എനിക്ക് മറ്റൊരാളെ വിവാഹം കഴിക്കാനാവില്ലാ ഉണ്ണിയേട്ടാ.. ഉണ്ണിയേട്ടന് സമ്മതമാണോ..? "

"സമ്മതം അവിടെയിതുപോലെ മഴയില്ല, കൊടും ചൂടാണ്. ഞാൻ പറഞ്ഞു. "

"സാരമില്ല, ഞാൻ സഹിച്ചോളാം." 

"കുടുസ്സുമുറിയിൽ ജീവിക്കേണ്ടി വരും." 

"സഹിച്ചോളാം, ഉണ്ണിയേട്ടൻ കൂടെയില്ലേ? അതു മതി."

 അവളുടെ കൈ പിടിച്ച് നടന്ന് നീങ്ങി. കേശവൻ, റെയിൽവേ സ്റ്റേഷൻ വരെ കൂടെ പോന്നു. രാധയുടെ വീട്ടുകാരെക്കുറിച്ച് ചിന്തിച്ചില്ല, അവരാരും തടയാനും വന്നില്ല. പുകഞ്ഞ കൊള്ളി പുറത്ത് എന്ന് കരുതി കാണുമോ, ആവോ? ഞാനൊന്നും അവളോട് ചോദിച്ചതുമില്ല. ആകാശം കാർമേഘങ്ങൾ കൊണ്ട് മൂടിക്കെട്ടി കിടന്നു. ട്രെയിൻ നീങ്ങുമ്പോൾ മഴ കനക്കുന്നുണ്ടായിരുന്നു. ജനൽച്ചില്ലുകളിൽ മഴ ചിത്രം വരക്കുന്നത് നോക്കിയിരുന്നു. അപ്പോൾ രാധ, എൻ്റെ തോളിൽ തല ചായ്ച്ച് കിടന്നു. ട്രെയിൻ ചെന്നൈ ലക്ഷ്യമാക്കി പായുകയായിരുന്നു.