നോര്‍ത്ത് വാന്‍കുവറിലെ 12കാരിക്ക് ധീരതയ്ക്കുള്ള അഗ്നിശമന സേനയുടെ പുരസ്‌കാരം 

By: 600002 On: Dec 31, 2022, 11:37 AM

നോര്‍ത്ത് വാന്‍കുവറിലെ പര്യസ് റെസായി എന്ന 12 വയസ്സുകാരി എല്ലാവര്‍ക്കും മാതൃകയാണ്. ധൈര്യവതിയായ ഈ പെണ്‍കുട്ടിയുടെ കൃത്യമായ ഇടപെടലിലൂടെ നിരവധിപേരുടെ ജീവനാണ് രക്ഷിക്കാന്‍ കഴിഞ്ഞത്. ചൊവ്വാഴ്ച ലോവര്‍ കാപ്പിലാനോ റോഡിന് സമീപം മറൈന്‍ ഡ്രൈവിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ വണ്‍-ബെഡ്‌റൂം യൂണിറ്റില്‍ പുലര്‍ച്ചെ നാല് മണിയോടെ തീപിടുത്തമുണ്ടാവുകയും ഉടന്‍ അലാറം മുഴങ്ങുകയും ചെയ്തു. 

അലാറത്തിന്റെ ശബ്ദം കേട്ട് ഞെട്ടലോടെ റെസായിയും കുടുംബവും എഴുന്നേറ്റു. ഉടന്‍ തന്നെ ഭയമില്ലാതെ 911 ലേക്ക് വിളിച്ച് പോലീസിനെ വിളിച്ച് അറിയിക്കാന്‍ റെസായി തയാറായി എന്ന് പെണ്‍കുട്ടിയുടെ മാതാവ് പറയുന്നു. ആദ്യം അഗ്നിശമന സേനയെ വിളിച്ചറിയിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് റെസായി പോലീസിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. 

ഉദ്യേഗസ്ഥരെ വിളിച്ചതിന് ശേഷം യാതൊരു പേടിയും കൂടാതെ അയല്‍ക്കാരെ വിളിച്ച് അറിയിക്കുകയും എല്ലാവരോടും പുറത്തേക്ക് പോകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഈ ധീരതയാണ് റെസായിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഫയര്‍ ചീഫില്‍ നിന്നും റെസായി പുരസ്‌കാരം ഏറ്റുവാങ്ങി. ഉള്ളില്‍ ഭയം തോന്നിയെങ്കിലും എല്ലാവരും സുരക്ഷിതമായിരിക്കാനാണ് താന്‍ ശ്രമിച്ചതെന്ന് റെസായി പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു.