പ്രമുഖ യുഎസ് ടെലിവിഷന്‍ അവതാരകയും മാധ്യമപ്രവര്‍ത്തകയുമായ ബാര്‍ബറ വാള്‍ട്ടേഴ്‌സ്(93) അന്തരിച്ചു. ഇന്റര്‍വ്യൂകള്‍ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യമാണ് ബാര്‍ബറയെ ലോക പ്രശസ്തയാക്കിയത്. ഫിദല്‍ കാസ്‌ട്രോ, സദ്ദാം ഹുസൈന്‍, മാര്‍ഗരറ്റ് താച്ചര്‍, യുഎസ് പ്രസിഡന്റുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി ലോകനേതാക്കളെ അഭിമുഖം ചെയ്തിട്ടുണ്ട്. റിച്ചാര്‍ഡ് നിക്‌സണ്‍ മുതല്‍ ഇങ്ങോട്ടുള്ള എല്ലാ യുഎസ് പ്രസിഡന്റുമാരുമായും പ്രഥമ വനിതകളുമായും ബാര്‍ബറ അഭിമുഖം നടത്തിയിട്ടുണ്ട്.
1961 ല്‍ റിപ്പോര്‍ട്ടറായി തന്റെ കരിയര്‍ ആരംഭിച്ച ബാര്‍ബറ എന്‍ബിസി ന്യൂസിലെ പ്രഭാത പരിപാടിയായ 'ടുഡേ' എന്ന ഷോയില്‍ അവതാരകയായെത്തി. എബിസി ന്യൂസില്‍ തന്നെ ദ ബാര്‍ബറ വാള്‍ട്ടേഴ്‌സ് സ്‌പെഷ്യല്‍സ് 10 മേസ്റ്റ് ഫാസിനേറ്റിംഗ് പീപ്പിള്‍ എന്നീ പരിപാടികളിലും അവതാരകയായി എത്തി. 1996 ല്‍ ടിവി ഗൈഡ് പുറത്തുവിട്ട എക്കാലത്തെയും മികച്ച 50 ടിവി അവതാരകരുടെ പട്ടികയില്‍ വാള്‍ട്ടേഴ്‌സ് 34 ആം സ്ഥാനത്തെത്തി. 2000ല്‍ നാഷണല്‍ അക്കാദമി ഓഫ് ടെലിവിഷന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ നിന്ന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ലഭിച്ചു.