ബീസിയിലെ ലോവര്‍ മെയിന്‍ലാന്‍ഡ് സംഘട്ടനവുമായി ബന്ധപ്പെട്ട് സറേയില്‍ നിന്നുള്ള രണ്ട് പേര് ഒളിവിലാണെന്നും ഇവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും പൊതുജന സുരക്ഷാ മുന്നറിയിപ്പ് നല്കി ലോക്കല്‍ മൗണ്ടീസിന്റെ ഗുണ്ടാ വിരുദ്ധ യൂണിറ്റ്. കന്‍വീര്‍ ഗാര്‍ച്ച(24), ഹര്‍കിരത് ജുട്ടി(22) എന്നിവരെയാണ് പോലീസ് തിരയുന്നത്. ഇവര്‍ നിരവധി ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമായും ആക്രമണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സറേ ആര്‍സിഎംപി അറിയിച്ചു.
ഗുണ്ടാ പ്രവര്‍ത്തനം, മയക്കുമരുന്ന് കടത്ത്, വെടിവെപ്പ് പോലുള്ള അക്രമാസക്തമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന കൊടുംകുറ്റവാളികളാണ് ഇവര്‍. ആയുധധാരികളും അപകടകാരികളുമായ ഇവരെ സമീപിക്കരുതെന്നും ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസുമായി ബന്ധപ്പെടണമെന്നും അറിയിച്ചു. ബീസിയുടെ സംയുക്ത സേനയുടെ പ്രത്യേക എന്‍ഫോഴ്സ്മെന്റ് യൂണിറ്റിന്റെ പങ്കാളിത്തത്തോടെയാണ് സറേ ആര്‍സിഎംപി പൊതുമുന്നറിയിപ്പ് നല്‍കിയത്.