പുതിയ വര്‍ഷം,പുതിയ നിയമങ്ങള്‍; പുതിയ പ്രഖ്യാപനങ്ങളുമായി കാനഡ 

By: 600002 On: Dec 31, 2022, 10:40 AM


2023 ല്‍ പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കാനൊരുങ്ങി കാനഡ. രാജ്യത്തെ ചില പ്രവിശ്യകളിലെ മിനിമം വേതന വര്‍ധനവ് മുതല്‍ വിദേശീയരായവര്‍ക്ക് പ്രോപ്പര്‍ട്ടി വാങ്ങുന്നതിനുള്ള നിരോധനം വരെ നിരവധി പുതിയ മാറ്റങ്ങളാണ് നടപ്പില്‍ വരുത്തുന്നത്. പുതുവര്‍ഷത്തില്‍ വരുന്ന മാറ്റങ്ങളില്‍ കനേഡിയന്‍ തൊഴിലാളികള്‍ക്കുള്ള ഉയര്‍ന്ന ശമ്പള കിഴിവുകള്‍, മൂന്ന് അറ്റ്‌ലാന്റിക് പ്രവിശ്യകളില്‍ ഫെഡറല്‍ കാര്‍ബണ്‍ വിലനിര്‍ണയം, ഒന്റാരിയോയിലെ ഫാര്‍മസിസ്റ്റുകള്‍ക്ക് മരുന്ന് നേരിട്ട് നിര്‍ദ്ദേശിക്കാനുള്ള അധികാരം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. 

ഉയര്‍ന്ന ശമ്പള കിഴിവുകള്‍ 

കാനഡ പെന്‍ഷന്‍ പ്ലാന്‍(സിപിപി) സംഭാവനകളും എംപ്ലോയ്‌മെന്റ് ഇന്‍ഷുറന്‍സ്(ഇഐ) പ്രീമിയങ്ങളും 2023 ല്‍ വര്‍ധിക്കും. ജീവനക്കാരുടെയും തൊഴിലുടമയുടെയും സിപിപി വിഹിതം 2023 ല്‍ 5.70 ശതമാനത്തില്‍ നിന്ന് 5.95 ശതമാനമായി ഉയരുമെന്ന് കാനഡ റവന്യു ഏജന്‍സി നവംബറില്‍ പ്രഖ്യാപിച്ചു. 2023 ലെ സിപിപി പ്ലാനിലേക്കുള്ള ജീവനക്കാരുടെ പരമാവധി സംഭാവന 2022 ലെ 3,499.80 ഡോളറില്‍ നിന്നും 3,754.45 ഡോളറായി വര്‍ധിക്കും. 

പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നതിന് വിദേശികള്‍ക്ക് വിലക്ക് 

ജനുവരി 1 മുതല്‍ രാജ്യത്ത് രണ്ട് വര്‍ഷത്തേക്ക് വിദേശ വാണിജ്യ സംരംഭങ്ങളും വ്യക്തികളും റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. 

ഫെഡറല്‍ കാര്‍ബണ്‍ വില വര്‍ധന 

ഫെഡറല്‍ ഗവണ്‍മെന്റിന്റെ കാര്‍ബണ്‍ വില 2023 ഏപ്രില്‍ 1 ന് ടണ്ണിന് 50 ഡോളറില്‍ നിന്ന് 65 ഡോളറായി ഉയര്‍ത്തും. അത് ലിറ്ററിന് 11.05 സെന്റ് കാര്‍ബണ്‍ വില 14.31 സെന്റായി ഉര്‍ത്തുമെന്നും കനേഡിയന്‍ ടാക്‌സ് പെയേഴ്‌സ് ഫെഡറേഷന്‍ പറഞ്ഞു. 

ജൂറി ഡ്യൂട്ടിയെ ബാധിക്കുന്ന പുതിയ നിയമങ്ങള്‍ 

2023 ജനുവരി പകുതി വരെ, ജൂറി ചുമതലകള്‍ നിറവേറ്റുന്നതിന്റെ ഫലമായി മാനസികാരോഗ്യ വെല്ലുവിളികള്‍ നേരിടുന്ന കനേഡിയന്മാര്‍ക്ക് ഒരു മാനസികാരോഗ്യ പ്രൊഫഷണലുമായി അവരുടെ ജൂറി വര്‍ക്ക് ചര്‍ച്ച ചെയ്യാന്‍ അനുവദിക്കും. 

പ്രവിശ്യകളിലും പ്രദേശങ്ങളിലും സഞ്ചരിക്കുന്ന ട്രക്കുകളിലും ബസുകളിലും സമയം ട്രാക്ക് ചെയ്യുന്നതിനായി ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍ബന്ധമാക്കിയതും പുതിയ മാറ്റങ്ങളില്‍ ഉള്‍പ്പെടും.