നാല് പേര്‍ മരിച്ച ഹാമില്‍ട്ടണിലെ തീപിടുത്തം: സ്‌മോക്ക് അലാറം പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ 

By: 600002 On: Dec 31, 2022, 9:47 AM

ഹാമില്‍ട്ടണില്‍ ടൗണ്‍ഹോമിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് കുട്ടികളുള്‍പ്പെടെ നാല് പേര്‍ മരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഒന്റാരിയോ ഫയര്‍ മാര്‍ഷല്‍ ഓഫീസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍. ടൗണ്‍ഹോമില്‍ തീപിടുത്ത മുന്നറിയിപ്പ്(smoke alarms) ഉണ്ടായിരുന്നില്ലെന്നാണ് ഉദ്യേഗസ്ഥനായ മൈക്ക് റോസ്സ് പറയുന്നത്. തീപിടുത്തമുണ്ടായത് സംബന്ധിച്ച് തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. റിമല്‍ റോഡ് ഈസ്റ്റിനും അപ്പര്‍ ഗേജ് അവന്യുവിനും സമീപം സ്ഥിതി ചെയ്യുന്ന 14 ഡെര്‍ബി സ്ട്രീറ്റിലെ വീട്ടില്‍ അലാറങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. ആളിപ്പടര്‍ന്ന തീ പിന്നീട് വീട് മുഴുവന്‍ വ്യാപിക്കുകയായിരുന്നു. തീപടര്‍ന്നതോടെ വീട് മുഴുവന്‍ പുകയും പടര്‍ന്നു. തീപിടുത്തമുണ്ടായപ്പോള്‍ താഴത്തെ നിലയിലായിരുന്നു കുട്ടികള്‍ ഉണ്ടായിരുന്നത്. തീപിടുത്തമുണ്ടാകാനുള്ള കാരണം സംബന്ധിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.