അവശ്യമരുന്നുകള്‍ക്ക് പോലും ക്ഷാമം നേരിടുന്നതായി എഡ്മന്റണ്‍ ഫാര്‍മസികള്‍ 

By: 600002 On: Dec 31, 2022, 9:15 AM


കാനഡയില്‍ കുട്ടികള്‍ക്കുള്ള ജലദോഷത്തിനുള്ള മരുന്നുകള്‍ക്കും വേദനസംഹാരികള്‍ക്കുമുള്ള ക്ഷാമത്തിനിടയില്‍ മറ്റ് മരുന്നുകളുടെ ക്ഷാമവും നേരിടുന്നതായി എഡ്മന്റണിലെ ഫാര്‍മസിസ്റ്റുകള്‍ പറയുന്നു. ഗുരുതരമായ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കുള്‍പ്പെടെ നിരവധി മരുന്നുകള്‍ ലഭ്യമല്ലെന്നാണ് സൂചന. അവശ്യമരുന്നുകള്‍ക്കൊപ്പം അപസ്മാരം, രക്തസമ്മര്‍ദ്ദം എന്നിവ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളുടെയും മരുന്നുകളുടെയും കുറവ് അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഫാര്‍മസി ഉടമകളും പറയുന്നു. 

കാനഡയിലുടനീളം മരുന്നുകള്‍ക്ക് ക്ഷാമമുണ്ടെന്നാണ് ഫാര്‍മസിസ്റ്റുകള്‍ പറയുന്നത്. എന്നാല്‍ ഇതിന്റെ കാരണമെന്താണെന്ന് വ്യക്തമല്ല. ചില മരുന്നുകള്‍ക്ക് പകരമായി മറ്റ് മരുന്നുകള്‍ ഉപയോഗിക്കാനാവില്ലെന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും ഫാര്‍മസിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു. 

അതേസമയം, മരുന്ന് ക്ഷാമം രാജ്യത്ത് പുതിയതല്ലെന്ന് കനേഡിയന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ വക്താവ് പ്രതികരിച്ചു. പാന്‍ഡെമിക്കിന് മുമ്പും ക്ഷാമം നേരിട്ടിട്ടുണ്ട്. എന്നാല്‍ പാന്‍ഡെമിക്കിന് ശേഷം ക്ഷാമം കഠിനമായി എന്ന് മാത്രം എന്നാണ് അസോസിയേഷന്റെ വിശദീകരണം. കാനഡയില്‍ മരുന്നുകളുടെ വിതരണം ഫാര്‍മസിസ്റ്റുകള്‍ നേരിടുന്ന കടുത്ത വെല്ലുവിളിയാണെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. 

സപ്ലൈ ഇന്‍വെന്ററികള്‍ വിലയിരുത്തുന്നതിനും ലഘൂകരണ തന്ത്രങ്ങള്‍ തിരിച്ചറിയുന്നതിനും പ്രവിശ്യകള്‍, നിര്‍മാണ കമ്പനികള്‍, ഹെല്‍ത്ത് കെയര്‍ ഓഹരി ഉടമകള്‍ എന്നിവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയാണെന്ന് ഹെല്‍ത്ത് കാനഡ പ്രസ്താവനയില്‍ അറിയിച്ചു. 

മരുന്ന് ക്ഷാമവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ https://www.canada.ca/en/health-canada/services/drugs-health-products/drug-products/drug-shortages/information-health-care-providers.html#a2   ലിങ്കില്‍ ലഭ്യമാണ്.