ഫ്രീഡം കൊണ്‍വോയ് റീയൂണിയന്‍ വിന്നിപെഗില്‍ സംഘടിപ്പിക്കുമെന്ന് കാനഡ യൂണിറ്റി സംഘാടകര്‍ 

By: 600002 On: Dec 30, 2022, 9:48 AMഫ്രീഡം കൊണ്‍വോയ് റീയൂണിയന്‍ മാനിറ്റോബ തലസ്ഥാനമായ വിന്നിപെഗില്‍ സംഘടിപ്പിക്കുമെന്ന് പ്രതിഷേധപ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കാനഡ യൂണിറ്റി ഗ്രൂപ്പ് അറിയിച്ചു. നേരത്തെ ഓട്ടവയില്‍ ഫ്രീഡം കൊണ്‍വോയ് 2.0 എന്ന പേരില്‍ സംഗമം നടത്താനായിരുന്നു പദ്ധതി. പിന്നീട് ഇത് വിന്നിപെഗിലേക്ക് മാറ്റുകയായിരുന്നു. 2023 ഫെബ്രുവരി 17 മുതല്‍ 20 വരെ വിന്നിപെഗില്‍ ഇവന്റ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതായി കാനഡ യൂണിറ്റ് ഗ്രൂപ്പിന്റെ സ്ഥാപകനായ ജെയിംസ് ബൗഡര്‍ വ്യക്തമാക്കി. 

ക്രിസ്മസ് ദിനത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഓട്ടവയില്‍ ഫ്രീഡം കൊണ്‍വോയ് 2.0 ഇവന്റ് നടത്തില്ലെന്ന് ബൗഡര്‍ അറിയിച്ചിരുന്നു. 2022 ന്റെ തുടക്കത്തിലാണ് ഓട്ടവ നഗരമധ്യത്തെ മൂന്നാഴ്ചത്തേക്ക് സ്തംഭിപ്പിച്ച ഫ്രീഡം കൊണ്‍വോയ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് ബൗഡര്‍ ഉള്‍പ്പെടെ നിരവധി പേരാണ് അറസ്റ്റിലായത്. സ്വത്ത് തടസ്സപ്പെടുത്തല്‍, നിയമാനുസൃതമായ കോടതി ഉത്തരവ് അനുസരിക്കാതിരിക്കല്‍, ക്രമസമാധാന പരിപാലന ഉദ്യോഗസ്ഥരുടെ സേവനം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഓട്ടവ ഡൗണ്‍ടൗണിലേക്ക് മടങ്ങരുതെന്ന വ്യവസ്ഥയില്‍ അദ്ദേഹത്തിന് ജാമ്യം ലഭിച്ചു.