ബ്ലാക്ക് മണി സ്‌കാം കേസില്‍ ഒരാള്‍ അറസ്റ്റില്‍; മുന്നറിയിപ്പ് നല്‍കി ടൊറന്റോ പോലീസ് 

By: 600002 On: Dec 30, 2022, 7:11 AM

കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് ടൊറന്റോയില്‍ ഒരു പ്രതി അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ ബ്ലാക്ക് മണി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നല്‍കി പോലീസ്. ഡിസംബര്‍ 22 ന് ഡാന്‍ഫോര്‍ത്ത്, ഗ്രീന്‍വുഡ് അവന്യൂവുകളില്‍ നടന്ന കവര്‍ച്ച സംബന്ധിച്ച് അന്വേഷണം നടത്തിയ പോലീസ് അജാക്‌സ് സ്വദേശിയായ ഹാലി എന്‍ഡോര്‍ലിയെ(48) ബുധനാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളില്‍ നിന്ന്, കവര്‍ച്ച ചെയ്ത കനേഡിയന്‍ കറന്‍സിയും തട്ടിപ്പിന് ഉപയോഗിക്കുന്നതായി കരുതുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് പേപ്പറും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 

ബിസിനസ് ഇടപാടിന്റെ പേരില്‍ ഇരയെ കബളിപ്പിച്ച് തോക്കുചൂണ്ടി എന്‍ഡോര്‍ലി പണം കവര്‍ച്ച ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തോക്ക് ഉപയോഗിച്ച് കവര്‍ച്ച, ആയുധം ഒളിപ്പിച്ചുവെക്കല്‍, കള്ളപ്പണം കൈവശം വെക്കല്‍ തുടങ്ങി ആറ് കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തി. ഇരയ്ക്ക് പണമെന്ന വ്യാജേന കറുപ്പോ വെളുപ്പോ നിറമുള്ള കടലാസ് കഷ്ണങ്ങള്‍ നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്. 

ബ്ലാക്ക് മണി തട്ടിപ്പിനെക്കുറിച്ച് ബോധവാന്മരായിരിക്കണമെന്ന് ടൊറന്റോ പോലീസ് സര്‍വീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പണമിടപാടുകള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കാനും പോലീസ് നിര്‍ദ്ദേശിച്ചു.