ചൈനയില്‍ കോവിഡ് വര്‍ധിക്കുന്ന സാഹചര്യം നിരീക്ഷിച്ചു വരികയാണെന്ന് കാനഡ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി 

By: 600002 On: Dec 30, 2022, 4:15 AM


ചൈനയില്‍ കോവിഡ്-19 വര്‍ധിക്കുന്ന സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് കാനഡ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി(PHAC)  അറിയിച്ചു. ചൈനയില്‍ നിന്നും പ്രവേശിക്കുന്ന എല്ലാ യാത്രക്കാര്‍ക്കും യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയതായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാനഡ ഇത്തരത്തില്‍ എന്തെങ്കിലും നയം സ്വീകരിക്കുമോ എന്നതിനെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ട്രാവല്‍ ഹെല്‍ത്ത് നോട്ടീസില്‍ നയപരമായ മാറ്റങ്ങള്‍ വരുത്തുമെന്ന് പബ്ലിക് ഹെല്‍ത്ത് അറിയിച്ചു. കൂടാതെ ചൈനയില്‍ നിന്നുള്‍പ്പെടെയുള്ള യാത്രക്കാര്‍ എല്ലാവിധ ആരോഗ്യ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് പബ്ലിക് ഹെല്‍ത്ത് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. 

മറ്റേതെങ്കിലും അപ്‌ഡേറ്റുകള്‍ ട്രാവല്‍ ഹെല്‍ത്ത് നോട്ടീസിലൂടെ അറിയിക്കുമെന്ന് പബ്ലിക് ഹെല്‍ത്ത് ഏജന്‍സി വക്താവ് വ്യക്തമാക്കി. 

നിലവില്‍ ചൈനയുടെ കോവിഡ് സാഹചര്യങ്ങളും പൊതുജനാരോഗ്യത്തില്‍ ജീനോമിക് സീക്വന്‍സിംഗ് ഡാറ്റയും കോവിഡ് വേരിയന്റുകളുടെ സ്വാധീനവും പരിശോധിക്കുന്നുണ്ടെന്ന് പിഎച്ച്എസി പറഞ്ഞു. വിദേശത്തേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാനഡയിലെ ആളുകള്‍ യാത്ര ചെയ്യുന്നതിന് 14 ദിവസം മുമ്പെങ്കിലും രാജ്യം ശുപാര്‍ശ ചെയ്യുന്ന ഏതെങ്കിലും അധിക ഡോസുകള്‍ക്കൊപ്പം കോവിഡ് വാക്‌സിന്‍ സീരിസ് പൂര്‍ത്തിയാക്കിരിക്കണമെന്ന് പിഎച്ച്എസി നിര്‍ദ്ദേശിച്ചു.