കാന്‍സര്‍രോഗം-ഭര്‍ത്താവും, ഭാര്യയും മരിച്ചത് ഒരേ ദിവസം

By: 600084 On: Dec 29, 2022, 4:19 PM

പി പി ചെറിയാൻ, ഡാളസ്.

സൗത്ത് ഡക്കോട്ട: 58 വയസ്സുള്ള സ്റ്റീവ് ഹോക്കിന്‍സും, 52 വയസ്സുള്ള ഭാര്യ വെന്‍ങ്ങി ഹോ്ക്കിന്‍സും കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ഒരേ ദിവസം മരണത്തിന് കീഴടങ്ങിയതായി കുടുംബാംഗങ്ങള്‍ അറിയിച്ചു. ഒരേ ആശുപത്രിയിലാണ് ഇരുവരുടെയും അന്ത്യം സംഭവിച്ചത്. യാങ്ക്ടണ്‍ കൗണ്ടി എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് അഡ്മിനിസ്‌ട്രേറ്ററായിരുന്നു സ്റ്റീവ്. ഭാര്യ വെന്‍ഡി ജോലി ഒന്നും ചെയ്തിരുന്നില്ല.

അഞ്ചു വര്‍ഷമായി സ്റ്റീവ് കാന്‍സര്‍ രോഗത്തോട് പടപൊരുതിജീവിക്കുന്നുവെങ്കിലും, ഭാര്യക്ക് ഈയ്യിടെയാണ് കാന്‍സര്‍ രോഗം കണ്ടുപിടിച്ചത്. ഇരുവരും ഒരേ ദിവസം 10 മണിക്കൂര്‍ വ്യത്യാസത്തിലാണ് മരണത്തിന് കീഴടങ്ങിയിരുന്നതെന്ന് ഡിസംബര്‍ 28ന് ആരംഭിച്ച ഗോ ഫണ്ട്  മീയില്‍ പറയുന്നു. സംസ്‌ക്കാര ചടങ്ങുകള്‍ക്കായി പണം കണ്ടെത്തുന്നതിനാണ് ഫണ്ട് ശേഖരണം ആരംഭിച്ചിരിക്കുന്നത്. ഇരുപതിനോടടുത്ത് പ്രായമുള്ള മൂന്നു മക്കളാണ് ഇരുവര്‍ക്കും ഉള്ളത്.

ക്രിസ്തുമസിന് രണ്ടു ദിവസം മുമ്പ് മാതാപിതാക്കളെ നഷ്ടപ്പെട്ടതില്‍ മക്കള്‍ അതീവ ദുഃഖിതരാണ്. തങ്ങളെ കുറിച്ചു വലിയ കരുതലുള്ള മാതാപിതാക്കളായിരുന്നുവെന്ന് ദുഃഖം മറച്ചുവെച്ചു മക്കള്‍ പറഞ്ഞു.

ആത്മാര്‍ത്ഥ സ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണമായിരുന്ന സ്റ്റീവും വെന്‍ഡിയുമെന്ന് സ്റ്റീവിന്റെ സഹോദരി കാത്തി ഫേസ്ബുക്കില്‍ കുറിച്ചു.