ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയെ(82) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഒരു മാസം. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ വലിയ മാറ്റങ്ങളൊന്നുമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. താനും കുടുംബവും ദു:ഖത്തിന്റെയും നിരാശയുടെയും നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് പെലെയുടെ മകള്‍ പറഞ്ഞു. അര്‍ബുദം ബാധിച്ച് സാവോപോളോയിലെ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും കാന്‍സര്‍ മറ്റിടങ്ങളിലേക്ക് വ്യാപിച്ചതായും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. വൃക്ക, ഹൃദയ പ്രവര്‍ത്തനങ്ങളുടെ തകരാറുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരിചരണമാണ് അദ്ദേഹത്തിന് നല്‍കിക്കൊണ്ടിരിക്കുന്നത്.
നവംബര്‍ 29 നാണ് പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയില്‍ നിന്ന് അപ്‌ഡേറ്റുകള്‍ കൃത്യമായി പ്രസിദ്ധീകരിച്ചിട്ടില്ല. കുടുംബാംഗങ്ങളെല്ലാം ആശുപത്രിയില്‍ അദ്ദേഹത്തിനൊപ്പമുണ്ട്.
കീമോതെറാപ്പിയോട് പ്രതികരിക്കാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. 2021 സെപ്റ്റംബറിലാണ് പെലെയ്ക്ക് അര്‍ബുദം സ്ഥിരീകരിച്ചത്. വന്‍കുടലിലെ മുഴ നീക്കം ചെയ്തതിനെ തുടര്‍ന്ന് പെലെ ദീര്‍ഘകാലം ആശുപത്രിയില്‍ തുടര്‍ന്നിരുന്നു.