കൗമാരക്കാരെ ലക്ഷ്യമിട്ട് ടിക്‌ടോക്ക് ട്രെന്‍ഡുകള്‍: ആശങ്ക അറിയിച്ച് കാനഡയിലെ രക്ഷിതാക്കള്‍ 

By: 600002 On: Dec 29, 2022, 11:45 AM

 

കൗമാരപ്രായക്കാരായ കുട്ടികള്‍ ടിക്‌ടോക്കിനും മറ്റ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും അടിമകളാകുന്നുവെന്ന ആശങ്കയിലാണ് കാനഡയിലെ മാതാപിതാക്കള്‍. ടിക്‌ടോക്കിലെ ചില അപകടകരമായ പ്രവണതകള്‍ കുട്ടികളുടെ ജീവന് തന്നെ അപകടഭീഷണി ഉയര്‍ത്തുന്നുവെന്ന ഉത്കണ്ഠയാണ് രക്ഷിതാക്കള്‍ പങ്കുവയ്ക്കുന്നത്. ടിക്‌ടോക്ക് ഉള്ളടക്കങ്ങളെക്കുറിച്ച് മാത്രമല്ല, ടിക്‌ടോക്കിലെ ചില വെല്ലുവിളികളെക്കുറിച്ചും രക്ഷിതാക്കള്‍ ആശങ്ക ഉന്നയിക്കുന്നു. ബോധം നഷ്ടമാകുന്നത് വരെ ശ്വാസമടക്കിപ്പിടിക്കാന്‍ ധൈര്യം കാണിക്കാനുള്ള 'ബ്ലാക്ക്ഔട്ട് ചലഞ്ചുകള്‍' വരെ കൗമാരപ്രായക്കാരെ ലക്ഷ്യമിട്ടു കൊണ്ടുള്ളവയാണ്. യുഎസില്‍ കൊളറാഡോയിലെ 12കാരനും വിസ്‌കോണ്‍സിനിലെ രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടെ ഈ ചലഞ്ച് ഏറ്റെടുത്ത നിരവധി കുട്ടികള്‍ മരണത്തിന് കീഴടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. 

പലരും ഈ പ്രവണതകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നുവെന്നും അവ എത്രത്തോളം അപകടകാരികളാണെന്ന് തിരിച്ചറിയാതെ പരീക്ഷിച്ചുനോക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സൈക്കോളജിസ്റ്റുകള്‍ പറയുന്നു. ഇത്തരം ചലഞ്ചുകള്‍ സമൂഹത്തില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നതാണെന്നും എന്നാല്‍ ടിക്‌ടോക്കിലൂടെ ലൈംലൈറ്റിലെത്താനുള്ള യുവാക്കളുടെ വ്യഗ്രതയാണ് അപകടങ്ങളിലേക്ക് നയിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.