സൗത്ത് ഈസ്റ്റ് കാല്‍ഗറി ഫോറസ്റ്റ് ലോണ്‍ വെടിവെപ്പ്: പ്രതിക്കായി കാനഡയിലുടനീളം വാറണ്ട് പുറപ്പെടുവിച്ചു 

By: 600002 On: Dec 29, 2022, 7:55 AM

 

സൗത്ത് ഈസ്റ്റ് കാല്‍ഗറിയില്‍ ക്രിസ്മസ് ദിനത്തില്‍ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് ആയുധധാരിയും അപകടകാരിയുമായ പ്രതിക്കായി കാനഡയിലുടനീളം വാറണ്ട് പുറപ്പെടുവിച്ചതായി പോലീസ് അറിയിച്ചു. 22കാരനായ യോസിഫ് ഹാഗോസിനെതിരെയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇയാള്‍ക്കെതിരെ രണ്ടാം ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയതായും പോലീസ് അറിയിച്ചു. സാമുവല്‍ വെല്‍ഡേ ഹെയ്‌ലിനെ(24) വെടിവെച്ചുകൊന്ന കേസിലാണ് യോസിഫ് ഹാഗോസിനെ പോലീസ് തിരയുന്നത്. 

ഡിസംബര്‍ 25 ന് പുലര്‍ച്ചെ 4.30 ഓടെ ഫോറസ്റ്റ് ലോണ്‍ 36 ആം സ്ട്രീറ്റ് എസ്.ഇ യുടെ 2600 ബ്ലോക്കില്‍ വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റ നിലയില്‍ ഹെയ്‌ലിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ ഹെയ്‌ലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. 

സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവരും ഹാഗോസിനെ കണ്ടെത്തുന്നവരും ഉടന്‍ 911 ലേക്ക് വിളിക്കണമെന്നും ഇയാളെ സമീപിക്കരുതെന്നും പോലീസ് അറിയിച്ചു.