അല്‍ഷിമേഴ്‌സ് രോഗത്തെ ഇനി പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെന്ന് ഗവേഷകര്‍. വെറും രക്ത പരിശോധനയിലൂടെ അല്‍ഷിമേഴ്‌സ് നേരത്തെ തന്നെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് പുതിയ പഠനത്തിലൂടെ ഗവേഷകര്‍ പറയുന്നത്. പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ ഒരുകൂട്ടം ന്യൂറോ സയന്റിസ്റ്റുകള്‍ വികസിപ്പിച്ചെടുത്ത ഒരു പുതിയ പരിശോധനയിലാണ് രോഗത്തിന്റെ പിടികിട്ടാത്ത ലക്ഷണത്തെ കണ്ടെത്തിയത്. മുന്‍ പരിശോധനകളേക്കാള്‍ കൃത്യമായി രക്ത സാമ്പിളുകളില്‍ അല്‍ഷിമേഴ്‌സ് രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താനാകുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. മെഡിക്കല്‍ ജേണലായ ബ്രെയിനില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മസ്തിഷ്‌കത്തില്‍ ഉല്‍ഭവിക്കുന്ന 'ടൗ' എന്ന നോവല്‍ ബയോ മാര്‍ക്കര്‍ കണ്ടെത്തുന്നതിലൂടെയാണ് പരിശോധന വികസിക്കുന്നത്. തലച്ചോറിലെ ന്യൂറോണുകളെ അല്ലെങ്കില്‍ നാഡീകോശങ്ങളെ പിന്തുണയ്ക്കുന്ന ഒരു പ്രോട്ടീനാണ് ടൗ. ഇത് കൂടുതലും മസ്തിഷ്‌ക കോശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മസ്തിഷ്‌കത്തില്‍ ഉരുത്തിരിയുന്ന ടൗ രക്തത്തില്‍ എങ്ങനെ കണ്ടെത്താമെന്ന പരിശോധനയിലൂടെ നിലവിലുള്ള രീതികളേക്കാള്‍ കൂടുതല്‍ ആക്‌സസ് ചെയ്യാവുന്ന അല്‍ഷിമേഴ്‌സ് രോഗനിര്‍ണയത്തിനുള്ള ഒരു രീതിയാണ് ഗവേഷകര്‍ സൃഷ്ടിച്ചത്.
യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ ഏജിംഗും അല്‍ഷിമേഴ്‌സ് അസോസിയേഷനും സജ്ജമാക്കിയിരിക്കുന്ന അമിലോയിഡ്, ടൗ ആന്‍ഡ് ന്യൂറോഡിജനേറഷന്‍(എടിഎന്‍) രീതിയാണ് നിലവില്‍ അല്‍ഷിമേഴ്‌സ് കണ്ടെത്തുന്നതിനുള്ള പരിശോധന രീതി.