'എൻ്റെ അഭിപ്രായത്തിൽ പ്രണയ വിവാഹമാണ് നല്ലത്' ന്യുജെൻ മാര്യേജ്: അവസാന ഭാഗം

By: 600009 On: Dec 28, 2022, 5:07 PM

Written by, Abraham George, Chicago.

ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്ത്, ഫ്ലാറ്റിലേക്ക് പോന്നപ്പോൾ ബെന്നിയും കൂടെ പോന്നു. അയാൾ തകർച്ചയിൽ നിന്നും മോചനം തേടിയതിൻ്റെ സന്തോഷത്തിലായിരുന്നു. സ്വത്ത് ഉണ്ടായിട്ടുപോലും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിൽ നിന്നും മോചനം കിട്ടിയതിൻ്റെ സന്തോഷം. ബെന്നി ഞങ്ങളുടെ കൂടെ തങ്ങി. ബെന്നിക്ക് കമ്പനിയിലേക്ക് പോകാൻ നിവർത്തി ഇല്ലാത്തതുകൊണ്ടാണ് ഞങ്ങളുടെ കൂടെ നിന്നത്. അവിടെ ശമ്പള കുടിശ്ശിക കൊടുക്കാൻ, തൽക്കാലം ബെന്നിക്ക് സാധിക്കുമായിരുന്നില്ല. ആനി തുനിഞ്ഞാലെ കാര്യങ്ങൾ മുന്നോട്ട് പോകുകയുള്ളൂയെന്ന അവസ്ഥയിലാണ് ബെന്നിയിപ്പോൾ. എന്താ വേണ്ടെയെന്ന് ആലോചിച്ച് ബെന്നി വട്ടം കറങ്ങി. പെങ്ങളുടെ മുന്നിൽ കെഞ്ചാൻ, അയാളുടെ മനസ്സ് അനുവദിച്ചില്ല. ജോർജ് വഴിയല്ലാതെ കാര്യങ്ങൾ നടക്കില്ലായെന്നവസ്ഥയിലായി.

ബെന്നി പറഞ്ഞു "ജോർജേ, എനിക്കൊരു കാര്യം പറയാനുണ്ട്. ജോർജ് കനിയണം."

പഴയ ബോസ് എൻ്റെ മുന്നിൽ കേഴുന്നത് കണ്ട് എനിക്ക് വല്ലാത്ത വിഷമം തോന്നി.

"എന്താണെന്ന് വെച്ചാൽ പറയൂ സർ, എന്തായാലും നമുക്ക് പരിഹാരം കണ്ടല്ലേ പറ്റൂ." ഞാൻ പറഞ്ഞു.

ബെന്നി തുടർന്നു "കമ്പനിയിൽ ശമ്പളക്കുടിശ്ശിക കൊടുത്തു തീർത്താലെ എനിക്കങ്ങോട്ട് ചെല്ലാൻ പറ്റൂ. ഞങ്ങളുടെ സ്വത്തിൻ്റെ കാര്യത്തിൽ ജോർജ് ഇടപെട്ട് എന്തെങ്കിലും നീക്കുപോക്കുണ്ടാക്കണം. ആനിയുടെ അസുഖമെല്ലാം നോർമലായല്ലോ?"

"ഞാൻ പറയാം സാർ. നിങ്ങളുടെ സ്വത്ത് ഭാഗം ചെയ്ത് കിട്ടിയാൽ മതിയല്ലോ? അത് ന്യായമായ അവകാശമല്ലേ? അതെന്തിനാണ് വെച്ച് താമസിപ്പിക്കുന്നത്."

ഒരു ദിവസം ആനിയോട് പറഞ്ഞു "നിങ്ങൾ സ്വത്തുക്കൾ ഭാഗാധാരം ചെയ്ത് രണ്ടു പേരുടെയും കീഴിലാക്കണം. അപ്പോൾ ബെന്നിക്ക് എന്തായെന്ന് വെച്ചാൽ ചെയ്യാമല്ലോ? അയാളുടെ കമ്പനി നന്നായി നടക്കട്ടെ, അതല്ലേ നല്ലത്, ആനിയുടെ അഭിപ്രായം എന്താണ്?"

ആനി പറഞ്ഞു "എന്തായെന്ന് വെച്ചാൽ ചെയ്യാം. ഞാനെതായാലും ആ കമ്പനിയിലേക്കില്ല. ഇനിയുള്ള കാലം ജോർജിൻ്റെ കൂടെ സ്വസ്ഥമായി ജീവിക്കാൻ തീരുമാനിച്ചു, ജോർജിന് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ? "

"എനിക്ക് സന്തോഷമേയുള്ളൂ ആനി. നമ്മൾക്ക് മക്കളുണ്ടായാലും ഇല്ലേലും സന്തോഷത്തോടെ ജീവിതവസാനം വരെ ജീവിക്കാം. നമ്മളുടെ എഗ്രിമെൻ്റ് വലിച്ചു കീറി കളഞ്ഞേക്ക്. "

"ജോർജ് എൻ്റെ കമ്പനിയിലേക്ക് വരണം. ജോർജ് കമ്പനിയിലുണ്ടായിരുന്ന കാലത്ത് പ്രൊജക്റ്റുകൾ ധാരാളം കിട്ടുകയും, നല്ല രീതിയിൽ നടന്നതുമാണല്ലോ, അതു കൊണ്ട് ജോർജ് എൻ്റെ അപേക്ഷ തിരസ്ക്കരിക്കരുത്, " ബെന്നി പറഞ്ഞു.

"എന്തായെന്ന് വെച്ചാൽ ചെയ്യാം, തൽക്കാലം ഞാനില്ല, മാനേജർ പോസ്റ്റിൽ പി ഡബ്ല്യു സി  അമേരിക്കൻ കമ്പനിയിൽ ജോലി ശരിയായിട്ടുണ്ട്. ഇപ്പോൾ ഞാനവിടെ ചാർജെടുക്കുകയാണ്. ബെന്നിയുടെ കമ്പനി മെച്ചപ്പെടട്ടെ, എന്നിട്ട് ആലോചിക്കാം."

"എല്ലാം ജോർജിൻ്റെ ഇഷ്ടം. എന്തായാലും എൻ്റെ സഹോദരി രക്ഷപ്പെട്ടല്ലോ? അതു മതി. ഞാനും മരണത്തിൻ്റെ കെണിയിൽ നിന്നുമാണ് രക്ഷപ്പെട്ടത്. ജോർജ് ഞങ്ങളുടെ തറവാട് വീട് അന്വേഷിച്ചു വന്നില്ലായിരുന്നെങ്കിൽ ഞാൻ ഈ ഭൂമുഖത്ത് കാണുമോയെന്ന് സംശയമാണ്. ഞാൻ മരണത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിരുന്നു. അത്രക്ക് വിഷാദത്തിലായിരുന്നു ഞാൻ. നേരെ കണ്ടാൽ കീരിയും പാമ്പും പോലെയാകുന്ന സഹോദരിയോട്, ഒന്നും പറഞ്ഞിട്ട് കാര്യമില്ലായെന്ന് അറിയാമായിരുന്നു. അവളോട് കെഞ്ചുന്നതിലും നല്ലത് മരണമാണന്ന് കരുതി. അവളുടെ മനസ്സ് മാറ്റത്തിനു കാരണക്കാരൻ ജോർജല്ലാതെ മറ്റാരാണ്. തെറ്റായ വഴിയിലൂടെ ഞാൻ സഞ്ചരിച്ചുയെന്നുള്ളത് സത്യമാണ്. അതിനുള്ള ശിക്ഷയും എനിക്ക് കിട്ടിക്കഴിഞ്ഞു."

"ഇനി ഭംഗിയായി കമ്പനി നടത്തികൊണ്ടു പോകാൻ ബെന്നിക്ക് കഴിയും.അതിൽ എനിക്ക് ഒരു സംശയവുമില്ല." ഞാൻ പറഞ്ഞു.

"നല്ലതിനു വേണ്ടിയായിരിക്കും ഇതെല്ലാം സഹിക്കേണ്ടി വന്നത്. പാപമോക്ഷം എന്നല്ലാതെ എന്തു പറയാൻ." ബെന്നി പറഞ്ഞു.

ഈ സമയത്താണ് വീട്ടിൽ നിന്നും അമ്മയുടെ ഫോൺ വന്നത്, അമ്മ പറഞ്ഞു " നിൻ്റെ പെങ്ങൾ സൂഫിയെ കാണാനില്ല, രണ്ടു ദിവസമായി; ഞാനും അയൽപ്പക്കത്തെ തോമാച്ചേട്ടനും കൂടി പലയിടത്തും അന്വേഷിച്ചു, എവിടെയാണന്ന് ഒരു പിടിയുമില്ല."

"എന്തായെന്നെ, നേരത്തെ അറിയിക്കാതിരുന്നത്. അവൾ എവിടെപ്പോകാൻ. ബന്ധുക്കളുടെ വീട്ടിലെല്ലാം അന്വേഷിച്ചോ? അമ്മയും അവളും തമ്മിലെന്തെങ്കിലും പ്രശ്നമുണ്ടായോ? ഞാൻ വ്യാകുലപ്പെട്ടു."

ബന്ധുക്കളുടെ വീട്ടിലെങ്ങും ചെന്നിട്ടില്ല, ഞങ്ങൾ അന്വേഷിച്ചു. പിന്നെ ഞാനും സൂഫിമോളും തമ്മിലൊരു പ്രശ്നവുമുണ്ടായിട്ടില്ല. അവൾ ബഷീറെന്ന കാക്കച്ചെറുക്കനുമായി ചങ്ങാത്തമാണന്ന് നേരെത്തെ കേട്ടിരുന്നു. ഞാനത് അത്ര കാര്യമാക്കിയില്ല. ഇനി അവൻ്റെ കൂടെയെങ്ങാനും പോയോയെന്നാണ് സംശയം. "

"എന്നാലും ഒരു വാക്ക് എന്നോട് പറയാമായിരുന്നു. അവൻ്റെ വീട്‌ എവിടെയാണ്. അവിടെ ആരെയെങ്കിലും വിട്ട് അന്വേഷിക്കാമായിരുന്നില്ലേ? എന്തായാലും ഞാനുടനെ വരാം."

ഞാൻ ആനിയോട് വിവരങ്ങൾ പറഞ്ഞു. "എനിക്ക് ഉടൻ വീടു വരെ പോകണം. പെങ്ങൾ എവിടെപ്പോയന്ന് അമ്മക്ക് ഒരു ധാരണയുമില്ല. അവളെ കണ്ടെത്തണം. "

ആനി പറഞ്ഞു "ഞാനും കൂടെപ്പോരട്ടെ. എനിക്ക് കാര്യമായ പ്രശ്നങ്ങളൊന്നുമില്ലല്ലോ? ജോർജിൻ്റെ അമ്മയേയും, വീടും നാടുമൊക്കെ കാണാമല്ലോ? പെങ്ങൾ എവിടെ പോകാനാണ്,"

"അതൊരു ഒളിച്ചോട്ടമാണ്. അതിനവൾ ഒളിച്ചോടുന്നതെന്തിനാണ്. കാര്യങ്ങൾ പറഞ്ഞാൽ വേണ്ടതു പോലെ ചെയ്തു കൊടുത്തേനെ. കുടുംബത്തിന് നാണക്കേട് വരുത്തി വെക്കുന്നത് എന്തിനാണ്. ഒളിച്ചോടിയാലെ പ്രണയം പൂർത്തിയാകുയെന്നവൾ കരുതിയോ? ജാതിയും മതവുമൊന്നും നോക്കാതെ, കല്യാണം ഭംഗിയായി നടത്തി കൊടുത്തേനെ. പഠനം പോലും പകുതി വഴിലാക്കി, അവൾ അങ്ങനെ ചെയ്തത് എന്തിനാണന്ന് മനസ്സിലാകുന്നില്ല. പിന്നെ ആനി, നീ കൂടെ വന്നാൽ, വീട്ടിൽ ആരാണെന്ന് പറയും."

"നിൻ്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞാൽ മതി. ഞങ്ങൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുയെന്നും പറയണം. നാട്ടിലൊരു കെട്ടുകല്യാണം നടത്തി കളയാം, എന്താ നിൻ്റെ അഭിപ്രായം."

ഞങ്ങൾ കാറിലാണ് നാട്ടിലേക്ക് പുറപ്പെട്ടത്. ഞാനാണ് ഡ്രൈവ് ചെയ്തത്. ഇടക്ക് ഞങ്ങൾ കുറച്ചു നേരം വിശ്രമിച്ചു. നിനക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ, ഞാൻ ഡ്രൈവ് ചെയ്യാമെന്ന് ആനി പറഞ്ഞു.

"അതിൻ്റെ ആവശ്യമില്ലാ ആനി.. ഞാൻ തന്നെ ഡ്രൈവ് ചെയ്തോളാം. നിൻ്റെ ആരോഗ്യം കുറച്ചു കൂടി മെച്ചപെടട്ടേ."

ഞങ്ങൾ വീട്ടിലെത്തിയപ്പോൾ, ചുറ്റുപാടുമുള്ളവർ വന്നു കൂടി. പെങ്ങൾ സൂഫി എഴുതി വെച്ച ഒരു കത്തുമായിട്ടാണ് അമ്മ എൻ്റെ നേരെ വന്നത്. കത്ത് ഞാൻ വാങ്ങിച്ച് വായിച്ചു.

'പ്രീയ അമ്മയും ചേട്ടനും അറിയുന്നതിന്, ഞാൻ ബഷീറിൻ്റെ കൂടെ പോകുന്നു. എന്നെപ്പറ്റി കൂടുതൽ അന്വേഷിക്കേണ്ട. ഞങ്ങൾ നേരത്തെ തന്നെ വിവാഹം രജിസ്റ്റർ ചെയ്തു കഴിഞ്ഞതാണ്. ഞങ്ങളിപ്പോൾ മലപ്പുറത്തുള്ള ബഷീറിൻ്റെ വീട്ടിലുണ്ട്.

എന്ന് സൂഫി.'

വീട് പുതിക്കി പണിയാനും പെങ്ങളെ പഠിപ്പിച്ച് നല്ല രീതിയിൽ കെട്ടിച്ചുവിടാനുമായിട്ടാണ്, ഇത്രയും പാടുപെട്ടത്. അതിനു വേണ്ടി പണം സമ്പാധിക്കാനാണ് കുറുക്കുവഴികൾ ആലോചിച്ചത്. ഇപ്പോൾ അതിൻ്റെയൊന്നും ആവശ്യമില്ലാത്ത മട്ടിലായി.

ആനി പറഞ്ഞു "നമുക്ക് മലപ്പുറം വരെ പോകാം. സൂഫിയെയും ബഷീറിനേയും കണ്ടെത്താം. അവരെ കൂട്ടികൊണ്ടു വന്ന് ഇവിടെ വെച്ച് നാട്ടുകാര് അറിയിച്ചു വിവാഹം നടത്താം. അവരുടെ വിവാഹം പള്ളിയിൽ വെച്ച് നടക്കില്ല. എന്നാലും സാരമില്ല. ജോനോ ചെക്കനെ മതം മാറാതെ പള്ളിക്കാർ സ്വീകരിക്കുമോ? നസ്രാണി പെണ്ണിനെ മതം മാറാതെ മുസ്ലീങ്ങളും സ്വീകരിക്കില്ല. ഹാളിൽ വെച്ച് ചടങ്ങ് നടത്തിക്കളയാം. കൂട്ടത്തിൽ നമ്മളുടെയും, നട്ടാചാരപ്രകാരം കല്യാണം നടത്താം. ജോർജിൻ്റെ അമ്മക്കും സന്തോഷമാകും. എന്താ ജോർജിൻ്റെ അഭിപ്രായം."

''അങ്ങനെ തന്നെ, നിൻ്റെ ആഗ്രഹപ്രകാരം ചെയ്യാം. ഇപ്പോൾ വന്ന് വന്ന് വിവാഹം അവരവർ തന്നെ തീരുമാനിക്കുന്ന രീതിയായി. ആരും അതിനു വേണ്ടി ബുദ്ധിമുട്ടേണ്ട കാര്യമില്ല. ചുരുക്കി പറഞ്ഞാൽ പ്രണയിക്കാതെ ഒരു പെണ്ണിനെ കല്യാണം കഴിക്കാൻ കിട്ടില്ലായെന്നതാണ് സത്യം. "

"എന്ന് ആര് പറഞ്ഞു, പ്രണയിച്ചാൽ രണ്ടു പേർക്കും വ്യക്തമായി അന്വോന്യം അറിയാൻ കഴിയും, എൻ്റെ അഭിപ്രായത്തിൽ പ്രണയ വിവാഹമാണ് നല്ലത്, " ആനി പറഞ്ഞു.

"ശരിയാണ് ആനി, നീ പറഞ്ഞത് അക്ഷരം പ്രതി സത്യമാണ്. നിൻ്റെ മുൻ വിവാഹം തന്നെ അതിന് തെളിവാണല്ലോ. കാലം മാറിയില്ലേ, അവരവർ തന്നെ ഇണയെ തിരഞ്ഞെടുക്കട്ടെ. അതാണ് നല്ലത്, ന്യൂജെൻ ട്രെൻറ്."

------അവസാനിച്ചു----------------