യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് എണ്ണ വിതരണം നിര്‍ത്തിവെക്കുമെന്ന് റഷ്യ 

By: 600002 On: Dec 28, 2022, 11:38 AM


യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ രാജ്യങ്ങളിലേക്ക് എണ്ണ വിതരണം നിര്‍ത്തി വെക്കാന്‍ തീരുമാനിച്ച് റഷ്യ. റഷ്യന്‍ എണ്ണയുടെ വില പരിധി നിശ്ചയിച്ച യൂറോപ്യന്‍ യൂണിയനുള്ള തിരിച്ചടിയായാണ് ഈ തീരുമാനം. റഷ്യക്ക് എണ്ണ വില പരിധി ഏര്‍പ്പെടുത്തുന്ന ഒരു രാജ്യത്തിനും എണ്ണ വില്‍ക്കില്ലെന്ന് അടുത്തിടെ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വ്യക്തമാക്കിയിരുന്നു.

ഉക്രെയ്ന്‍-റഷ്യ സംഘര്‍ഷത്തെ തുടര്‍ന്ന് ജി7 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഓസ്ട്രേലിയയും റഷ്യയുടെ എണ്ണ വാങ്ങുന്നതിന് ക്രൂഡ് ഓയിലിന് ബാരലിന് 60 ഡോളര്‍ വില നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇത് തങ്ങളുടെ പരാമാധികാരത്തിന് മുകളിലുള്ള കൈ കടത്തലായിട്ടാണ് റഷ്യയുടെ വിലയിരുത്തല്‍.

യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണ വിതരണം ചെയ്യേണ്ട എന്ന തീരുമാനം സംബന്ധിച്ച ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഒപ്പുവച്ചു. 2023 ഫെബ്രുവരി 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. 2023 ജൂലൈ 1 വരെയാകും ഈ വിലക്ക് നിലനില്‍ക്കുക. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണ വിതരണത്തിന് വിലക്കേര്‍പ്പെടുത്തുന്ന റഷ്യയുടെ തീരുമാനം അന്താരാഷ്ട്ര വിപണിയില്‍ വീണ്ടും എണ്ണ വില ഉയരാന്‍ കാരണമായേക്കുമെന്നാണ് കരുതുന്നത്.