കാനഡയില്‍ പോലീസ് വെടിവെയ്പ്പ് 25 ശതമാനം വര്‍ധിച്ചു: റിപ്പോര്‍ട്ട് 

By: 600002 On: Dec 28, 2022, 8:21 AM

കാനഡയില്‍ പോലീസ് വെടിവെയ്പ്പ് വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം 25 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പോലീസ് വെടിവെയ്പ്പുകളുടെ എണ്ണം വര്‍ധിക്കുന്നത് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ആശങ്കയുളവാക്കുന്നതാണെന്ന് ക്രിമിനോളജി വിദഗ്ധര്‍ പറയുന്നു. 

ഈ വര്‍ഷം ജനുവരി 1 നും നവംബര്‍ 30 നും ഇടയില്‍ രാജ്യത്ത് 87 പേര്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. 70 പേര്‍ക്ക് വെടിയേറ്റ് ഗുരുതരമായി പരുക്കേല്‍ക്കുകയും 37 പേര്‍ കൊല്ലപ്പെടുകയും ചെയ്ത 2021 ല്‍ നിന്ന് ഏകദേശം 25 ശതമാനം വര്‍ധനവാണിത്. മാനിറ്റോബ, നോവ സ്‌കോഷ്യ, സസ്‌ക്കാച്ചുവന്‍, യുക്കോണ്‍ എന്നീ പ്രവിശ്യകളില്‍ പോലീസ് വെടിവെപ്പില്‍ വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. 

പോലീസുമായുള്ള മാരകമായ ഏറ്റുമുട്ടലുകളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് ആല്‍ബെര്‍ട്ട സര്‍വകലാശാലയിലെ ക്രിമിനോളജി പ്രൊഫസറും അസോസിയേറ്റ് ഡീനുമായ ടെമിറ്റോപ്പ് ഒറിയോള പറയുന്നു. അപര്യാപ്തമായ പരിശീലനവും ബലാത്കരത്തെ അമിതമായി ആശ്രയിക്കുന്നതും ഉത്തരവാദിത്തമില്ലായ്മയും ഉള്‍പ്പെടെ നിരവധി കാരണങ്ങളാണ് വെടിവെപ്പ് വര്‍ധിക്കുന്നതിന് പിന്നിലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍ വര്‍ഷം ഇത് 26 ല്‍ വര്‍ധിച്ച് 2022 ല്‍ 35 പേര്‍ക്ക് നേരെ ആര്‍സിഎംപി വെടിയുതിര്‍ത്തു. 23 വെടിവെപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്ത ബീസിയിലാണ് ഏറ്റവും കൂടുതല്‍ വെടിവെയ്പ്പുണ്ടായത്.