കാനഡയില്‍ ആരേഗ്യ പരിപാലന സംവിധാനത്തില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കുക എന്നതിന് പ്രാധാന്യം നല്‍കണമെന്ന് നാനോസ് റിസര്‍ച്ച് സര്‍വേ റിപ്പോര്‍ട്ട്. സര്‍വേയില്‍ പങ്കെടുത്ത 53 ശതമാനം പേരും കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ജീവനക്കാരെയും റിക്രൂട്ട് ചെയ്യുന്നതിനെ അനുകൂലിക്കുന്നതായി കണ്ടെത്തി. പബ്ലിക് ഹെല്‍ത്ത് കെയറില്‍ കൂടുതല്‍ പണം നിക്ഷേപിക്കുന്നതിനെ 28 ശതമാനം പേരും ആരോഗ്യ പരിപാലന സേവനങ്ങള്‍ക്ക് സ്വകാര്യ കോര്‍പ്പറേഷനുകള്‍ പണം ഈടാക്കുന്നതിന് 14 ശതമാനം പേരും എതിരായി വോട്ട് ചെയ്തു. അഞ്ച് ശതമാനം പേര്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായം ഇല്ല.
രാജ്യത്തുടനീളമുള്ള ആശുപത്രികള്‍, പീഡിയാട്രിക് സെന്ററുകള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കായി പ്രവേശിപ്പിക്കപ്പെട്ട പുതിയ രോഗികളുടെ എണ്ണം, ആരോഗ്യ പരിപാലന ജീവനക്കാര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍, ഫണ്ടിംഗ് സംബന്ധിച്ച് പ്രവിശ്യകളും ഫെഡറല്‍ ഗവണ്‍മെന്റും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് സര്‍വേ നടത്തിയിരിക്കുന്നത്. ഏകദേശം 69 ശതമാനം ആളുകള്‍ പിന്തുണച്ച അറ്റ്‌ലാന്റിക് കാനഡയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പരിപാലന ജീവനക്കാരെ നിയമിക്കണമെന്ന് പറയുന്നത്. എന്നാല്‍ ഒന്റാരിയോയില്‍ ഈ പിന്തുണ 49 ശതമാനത്തില്‍ കുറവാണെന്നും നാനോസ് സര്‍വേയില്‍ കണ്ടെത്തി.
സര്‍വേയില്‍ പങ്കെടുത്ത 10 ല്‍ ആറ് പേരും പബ്ലിക് ഹെല്‍ത്ത് കെയറിനായി ഫണ്ട് ചെലവഴിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ നികുതി വര്‍ധിപ്പിക്കുന്നതിന് പിന്തുണ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തങ്ങള്‍ക്കോ അടുത്ത കുടുംബാംഗങ്ങള്‍ക്കോ കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ മെഡിക്കല്‍ സേവനങ്ങള്‍ ആക്‌സസ് ചെയ്യാനോ ഡോക്ടറെ കാണാനോ അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനോ കഴിഞ്ഞിട്ടില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത നാലില്‍ ഒരാള്‍ പറഞ്ഞതായും നാനോസ് സര്‍വേ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.